ഇഡലിയും ഉപ്പുമാവും മൂന്നു വര്‍ഷം വരെ കേടാകാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് മുംബൈയിലെ ഒരു പ്രൊഫസര്‍. മുംബൈ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് വിഭാഗം പ്രൊഫസറായ ഡോ. വൈശാലി ബംബോലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. പോഷക ഗുണവും തനതായ രുചിയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇവ മൂന്നു വര്‍ഷം വരെ കേടാകാതെ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനായി യാതൊരു വിധ സംരക്ഷണോപാധികളും സ്വീകരിച്ചിട്ടില്ലെന്നും വൈശാലി വ്യക്തമാക്കുന്നു. സേനകളിലേക്കും പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിലും ഇവ കേടുകൂടാതെ എത്തിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ജിഎംപി ഉപയോഗിച്ച് (കൈക്കൊണ്ട് തൊടാതെ) തയാറാക്കിയ 300 ഇഡലിയും 5 കിലോ ഉപ്പുമാവുമാണ് സംഘം കണ്ടുപിടിത്തതിനായി ഉപയോഗിച്ചത്. രുചിയിലോ, ഗുണത്തിലോ മാറ്റമില്ലാതെ ഇവ സൂക്ഷിക്കാന്‍ സാധിച്ചെന്നും ഇതിന്റെ പേറ്റന്റിനായുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും ഡോ. വൈശാലി പറയുന്നു.