Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാങ്കേതിക കുതിപ്പിൽ സൗരോർജ വിപ്ലവം 

കൂടിയ കാര്യക്ഷമതയും കുറഞ്ഞ ചെലവും സോളാർ പാനലുകളെ പ്രിയങ്കരമാക്കുന്നു

ഇന്ത്യയിലാണ് ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ സൗരോർജ ശേഷിയിൽ മൂന്നിരട്ടിയാണ് വർധന. കോടിക്കണക്കിനു വരുന്ന കുടിലുകളിൽ വൈദ്യുതിയും വെളിച്ചവുമെത്തുകയാണ് സൗരോർജ വിപ്ലവത്തിലൂടെ. 
പൂർണമായും ചുമരുകളോ മേൽക്കൂരയോ ഇല്ലാത്ത കുടിലുകൾക്ക് പുറത്ത് ഏതെങ്കിലും മരത്തിൽ സ്ഥാപിച്ച 40 വാട്ട് സോളാർ പാനലുകളാണ് ഇവർക്ക് ആവശ്യമായ വെളിച്ചം നൽകുന്നത്. ഇരുട്ടിക്കഴിഞ്ഞാലും വീടിനു പുറത്തെ കാലികളെ  നോക്കാനും കുട്ടികൾക്ക് പഠിക്കാനും മാത്രമല്ല, പാമ്പുകളിൽനിന്നും മറ്റ് ഇഴജന്തുക്കളിൽനിന്നും രക്ഷ നൽകാനും വൈദ്യുതിക്കും വെളിച്ചത്തിനും സാധിച്ചു. 
കഴിഞ്ഞ വർഷം നവംബറിലാണ് ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം തമിഴ്‌നാട്ടിലെ കമുതിയിൽ ആരംഭിച്ചത്. 2500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടത്തെ 25 ലക്ഷം സോളാർ മോഡ്യൂളുകളെ എല്ലാ ദിവസവും വൃത്തിയാക്കുന്നത് സൗരോർജത്തിൽ തന്നെ പ്രവർത്തിക്കുന്ന ഒരു കൂട്ടം റോബോട്ടുകളാണ്. സർക്കാർ സബ്‌സിഡികൾ പിൻവലിച്ചതോടെ ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ സോളാർ പാനലുകൾ സ്ഥാപിക്കാതിരിക്കുമ്പോഴാണ് ഇന്ത്യയിലും ചൈനയിലും തരംഗം സൃഷ്ടിച്ചുകൊണ്ട് സോളാർ മുന്നേറ്റം. 
ഇന്ത്യയിലെ സൗരോർജ ശേഷി മൂന്ന് വർഷത്തിനിടെ 12 ഗിഗാവാട്ട്‌സായാണ് വർധിച്ചത്. ഏഴേകാൽ ലക്ഷത്തോളം വീടുകൾക്ക് ആവശ്യമായ വൈദ്യുതിയാണ് ഒരു ജിഡബ്ല്യൂ. ഈ വർഷം ഇത് വീണ്ടു ഇരട്ടിയാകും. നടപ്പുവർഷം 10 ഗിഗാവാട്ട്  വൈദ്യുതി കൂടി സൗരോർജത്തിലൂടെ കൈവരിക്കും. മറ്റൊരു 20 ഗിഗ വൈദ്യുതിക്കുള്ള പദ്ധതി തയാറായിട്ടുമുണ്ട്. ചൈനയിലും ഇതേ മുന്നേറ്റമുണ്ട്. 43 ഗിഗയിൽനിന്നാണ് അവരുടെ ശേഷി കഴിഞ്ഞ വർഷം 77 ആയി ഉയർന്നത്. 
സാങ്കേതിക രംഗത്തുണ്ടായ കുതിപ്പിൽ ചെലവ് കുറക്കാനായതാണ് സോളാർ പാനലുകളുടെ ഉപയോഗം വർധിക്കാൻ കാരണമെന്ന് ഐ.എച്ച്.എസ് സോളാർ റിസർച്ച് ഗ്രൂപ്പിലെ സീനിയർ അനലിസ്റ്റ് ജോസഫിൻ ബെർഗ് പറയുന്നു. ആർക്കും പ്രതീക്ഷിക്കാൻ കഴിയാത്ത വിധത്തിലാണ് സോളാർ സാങ്കേതിക വിദ്യക്കു വേണ്ടിവരുന്ന ചെലവ് കുറഞ്ഞത്. സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്നതിലാണ് സാങ്കേതിക ഗവേഷണം പുരോഗമിക്കുന്നത്. 35 ശതമാനം സൂര്യപ്രകാശവും സോളാർ പാനലുകൾക്ക് പുറത്ത് പതിക്കുന്നതായിരുന്നു വലിയ വെല്ലുവിളി. പ്രകൃതിയിൽ കാണപ്പെടുന്ന ഘടന പകർത്തിക്കൊണ്ടുള്ള ബയോമിമിക്രി പാനലുകളെ കൂടുതൽ പ്രകാശം ആഗിരണം ചെയ്യാൻ പ്രാപ്തമാക്കുമെന്നാണ് കരുതുന്നത്. ഇലകളിലെ ഘടന പകർത്തുന്നതിലൂടെ ഇത് സാധിക്കുമെന്ന് ഫിൻലാൻഡിലെ ഒരു ഗവേഷക സംഘം കരുതുന്നു. ഔളു യൂനിവേഴ്‌സിറ്റിയിലെ സീനിയർ ഗവേഷകൻ വെയ് കായോയും പ്രൊഫ. മാർകോ ഹുത്തുലയും ഇലകളുടെ 32 ഘടനകളാണ് പഠനവിധേയമാക്കിയത്. ഏതു ഘടനയാണ് പരമാവധി പ്രകാശം സ്വീകരിക്കുന്നതെന്ന് കണ്ടെത്താനായിരുന്നു ഇത്. ചോളമാണ് പരീക്ഷണത്തിൽ വിജയിച്ചത്. പ്രകാശ നഷ്ടം 35 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറക്കാൻ സാധിച്ചു. പ്രകാശം നഷ്ടപ്പെടുന്നത് കുറച്ചതോടെ സോളാർ പാനലുകൾ നൽകുന്ന വൈദ്യുതി 17 ശതമാനം വർധിപ്പിക്കാൻ സാധിച്ചതായും ഗവേഷകർ അവകാശപ്പെടുന്നു. സോളാർ സെല്ലുകളുടെ നിർമാണ ചെലവ് കുറക്കുന്നതോടൊപ്പം ഫലപ്രാപ്തി കൂടി വർധിക്കുമ്പോൾ പരമ്പാരഗത ഊർജ സ്രോതസ്സുകൾക്ക് ബദലായി സൗരോർജം മാറുമെന്ന് വാർവിക് യൂനിവേഴ്‌സിറ്റിയിലെ ഫിസിക്കൽ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. റോസ്സ് ഹട്ടൺ പറയുന്നു. നിലവിൽ വിപണിയിലുള്ള സോളാർ സെല്ലുകൾ 16 ശതമാനം മുതൽ 20 ശതമാനം വരെ സൗരോർജം മാത്രമേ വൈദ്യുതിയാക്കി മാറ്റുന്നുള്ളൂ. സെമികണ്ടക്ടേഴ്‌സ് അടിസ്ഥാനമായുള്ള പെറോവസ്‌കൈറ്റ് സെല്ലുകളിലൂടെ 30 ശതമാനം വർധിപ്പിക്കാൻ കഴിയും. ഭാരം കുറഞ്ഞ ഫിലിമുകൾ കൊണ്ട് നിർമിക്കുന്ന ഇതിനു ചെലവ് കുറവാണെന്നതിനു പുറമെ എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കാൻ കഴിയുമെന്ന നേട്ടം കൂടിയുണ്ട്. 
ഓസ്ട്രിയയിലെ സ്റ്റാർട്ടപ്പായ സ്മാർട്ട്ഫഌവർ പൂന്തോട്ടങ്ങളിൽ സ്ഥാപിക്കാവുന്ന വൃത്തിയും ഭംഗിയുമുള്ള ഫുൾ സോളാർ യൂനിറ്റ് വികസിപ്പിച്ചിട്ടുണ്ട്. പൂന്തോട്ടത്തിൽ സൺഫഌവറിനെ പോലെ  സൂര്യപ്രകാശം കണ്ടെത്തി ആഗിരണം ചെയ്യുന്ന ഇവ കാലവസ്ഥ മോശമായാലും ഇരുട്ടിയാലും താനേ അടഞ്ഞുകൊള്ളും. നാലുപേരടങ്ങുന്ന കുടുംബത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സ്മാർട്ട്ഫഌവർ പാനലിന്റെ വില 17,660 ഡോളറാണ്. സ്ഥാപിക്കാൻ അഞ്ച് ക്യൂബിക് മീറ്റർ സ്ഥലം വേണമെന്ന പോരായ്മ പരിഹരിക്കാൻ ചെറുപതിപ്പുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സോളാർ വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സ്വയം തന്നെ വീട്ടുപകരണങ്ങൾ ഓൺ ചെയ്യാനും ഓഫാക്കാനും സാധിക്കുന്ന സംവിധാനം കൂടി സ്മാർട്ട്ഫളവറിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.  

Latest News