Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസഫര്‍നഗര്‍ കലാപം: പ്രതിചേര്‍ക്കപ്പെട്ട ഏഴു മുസ്ലിം യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്

മുസഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ 2013-ല്‍ വര്‍ഗീയ കലാപത്തിന് ഹേതുവായെന്ന് പറയപ്പെടുന്ന കവാല്‍ ഇരട്ട കൊലപാതക കേസില്‍ പ്രതികളായ ഏഴു പേര്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളായ മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാംഗീര്‍, അഫ്‌സല്‍, മുസമ്മല്‍, ഇഖ്ബാല്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍. കലാപക്കുറ്റത്തിന് രണ്ടു വര്‍ഷം തടവും ക്രിമിനല്‍ ഭീഷണിക്കുറ്റത്തിന് അഞ്ചു വര്‍ഷം തടവും കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുമാണ് പ്രതികള്‍ക്ക് ശിക്ഷ. രണ്ടു ലക്ഷത്തിലേറെ വരുന്ന തുക പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് 80 ശതമാനം കലാപ ഇരകള്‍ക്ക് നല്‍കണം.

ബന്ധുക്കളായ ഗൗരവ്, സചിന്‍ എന്നിവരും ഷാനവാസ് ഖുറേഷി എന്ന മറ്റൊരു യുവാവും 2013 ഓഗസ്റ്റില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുസഫര്‍നഗറില്‍ വ്യാപക കലാപമുണ്ടായത്. ഈ കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ മുസ്ലിംകള്‍ക്ക് നാടു വീടും നഷ്ടമാകുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 6000 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്. 1,480 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കപാലം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം  175 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

കലാപത്തിന്റെ കാരണത്തെ ചൊല്ലി ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കോടതി വിധി. കവാല്‍ ഗ്രാമത്തില്‍ ജാട്ട് സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ഷാനവാസ് എന്ന മുസ്ലിം യുവാവിനെ ഗൗരവും സചിനും പെണ്‍്കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഈ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗൗരവിനേയും സചിനേയും  ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം 2013 സെപ്തംബര്‍ ഏഴിനാണ് കലാപം തുടങ്ങിയത്. മുസാഫര്‍നഗറിനു പുറമെ സമീപ ജില്ലകളിലേക്കും ഇതു വ്യാപിച്ചു.

ഈ കലാപക്കേസുകളില്‍ ഉള്‍പ്പെട്ട ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ബിജെപി എംപി സഞ്ജീവ് ബല്യാനിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ഒരു മാസത്തിനു ശേഷം കലാപവുമായി ബന്ധപ്പെട്ട 131 കേസുകളുടെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും സര്‍ക്കാര്‍ തേടി. 'പൊതു താല്‍പര്യം' കണക്കിലെടുത്ത് ഈ കേസുകള്‍ പിന്‍വലിക്കുന്നതിലുള്ള അഭിപ്രായം ജില്ലാ കലക്ടര്‍മാരില്‍ നിന്നും തേടുകയും ചെയ്തിരുന്നു.


 

Latest News