ന്യൂദല്‍ഹി- ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയത് യുപയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കില്ലെന്ന് ഇന്ത്യാ ടുഡേ- പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (പി.എസ്.ഇ) അഭിപ്രായ സര്‍വെ ഫലം. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ജനറല്‍ സെക്രട്ടറിയായ ജനുവരി 23-നാണ് പ്രിയങ്ക നിയമിക്കപ്പെട്ടത്. രണ്ടു ദിവസം മുമ്പ് അവര്‍ ചുമതലയേറ്റു. പ്രിയങ്കയുടെ വരവ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കില്ലെന്നാണ് യുപിയിലെ 27 ശതമാനം വോട്ടര്‍മാരും സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. അമ്മ സോണിയാ ഗാന്ധിക്കും സഹോദരന് രാഹുല്‍ ഗാന്ധിക്കും വേണ്ടി മുമ്പ് പലപ്പോഴായി പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട് എന്നല്ലാതെ കാര്യമായ രാഷ്ട്രീയ പരിചയം പ്രിയങ്കയ്ക്കില്ലെങ്കിലും അവര്‍ ഒരു ജനപ്രിയ മുഖമാണ്. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിനെ സഹായിക്കില്ല. ഈ 27 ശതമാനത്തിലെ 56 ശതമാനം വോട്ടര്‍മാരും സമാജ് വാദി പാര്‍ട്ടി- ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തിനാണ് വിജയസാധ്യത കാണുന്നത്.
ഈ സഖ്യം യുപിയില്‍ ബിജെപിക്ക് കാര്യമായ പരിക്കേല്‍പ്പിക്കില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. 35 ശതമാനം പേരും ബിജെപിയുടെ പരാജയവും പ്രവചിക്കുന്നു. രാമ ക്ഷേത്ര വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ 47 ശതമാനം പേര് പിന്തുണയ്ക്കുന്നു. എന്നാല്‍ 35 ശതമാനം മറിച്ചാണ് ചിന്തിക്കുന്നതെന്നും പിഎസ്ഇ സര്‍വെ പറയുന്നു.
മുഖ്യമന്ത്രിമാരില്‍ യോഗി ആദിത്യനാഥിനാണ് കൂടുതല്‍ വോട്ട് ലഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞിട്ടുണ്ട്. 2018 സെപ്തംബറിലെ പിഎസ്ഇ സര്‍വേയില്‍ 43 ശതമാനം യോഗിയെ പിന്തുണച്ചപ്പോള്‍ ഇത്തവ 39 ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 33 ശതമാനം പേരുടെ പിന്തുണയുള്ള എസ് പി നേതാവ് അഖിലേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മായാവതിയും. പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയെ 52 ശതമാനം പേര് പിന്തുണച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ 31 ശതമാനം പേരും പിന്തുണയ്ക്കുന്നു. രാഹുലിന്റെ പിന്തുണ ഏറി വരുന്നതായാണ് പ്രവണത.