Sorry, you need to enable JavaScript to visit this website.

മുഖം മറച്ച മകള്‍: വിമര്‍ശകര്‍ക്ക് കുടുംബ ചിത്രത്തോടൊപ്പം എ.ആര്‍. റഹ്മാന്റെ മറുപടി

ന്യൂദല്‍ഹി- മുഖം മറച്ച് മകള്‍ വേദിയിലെത്തിയതിന് പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനെ വിമര്‍ശിച്ചവര്‍ക്ക് കുടുംബ ചിത്രം പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യം എന്ന ഹാഷ് ടാഗോടെയാണ് ഭാര്യയുടേയും മക്കളുടേയും ഫോട്ടോ റഹ്മാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ലം ടോഗ് മില്യണെയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍  എ.ആര്‍.റഹ്മാനോടൊപ്പം മകള്‍ ഖദീജ മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് പങ്കെടുത്തതാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്.
കറുത്ത പട്ട് സാരി ധരിച്ച ഖദീജ കണ്ണ് മാത്രം പുറത്തു കാണുന്ന തരത്തില്‍ നിഖാബ് ധരിച്ചിരുന്നു. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രധാരണം നടത്തിയത്. ഈ ഫോട്ടോയിലും ഖദീജ മുഖം മറച്ച് കറുത്ത പര്‍ദ്ദയിട്ടിട്ടുണ്ട്. ആരുടേയും നിര്‍ബന്ധപ്രകാരമല്ല താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജ ഇന്‍സ്റ്റാഗ്രാമിലൂടെ  വ്യക്തമാക്കി. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വന്തം തിരഞ്ഞെടുപ്പാണെന്നും അവര്‍ വിശദീകരിച്ചു. ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണം നടത്താനുള്ള സ്വതന്ത്ര്യമുണ്ടെന്ന് പറയുന്ന ഖദീജ, കാര്യങ്ങള്‍ അറിയാതെ ആളുകള്‍ വിലയിരുത്തലിന് മുതിരുന്നതിനേയും വിമര്‍ശിച്ചു. റഹ്മാന്റെ സംഗീതത്തില്‍ എന്തിരന്‍ സിനിമയില്‍ ഖദീജ  പാടിയിട്ടുണ്ട്.

Latest News