മോഡി സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണത്തെക്കുറിച്ച് ആർ.ജെ.ഡി രാജ്യസഭാംഗം മനോജ് കെ. ഝാ മനസ്സു തുറക്കുന്നു.
ചോ: മുന്നോക്ക ജാതി സംവരണത്തിനെതിരെ ആർ.ജെ.ഡി രൂക്ഷമായാണ് പ്രതികരിച്ചത്. അടുത്ത ഇലക്ഷനിൽ വോട്ടർമാരെ മുന്നോക്കവും പിന്നോക്കവുമായി വിഭജിക്കാൻ ഈ വിഷയം പാർട്ടി ഉപയോഗിക്കുമോ?
ഉ: മുന്നോക്ക-പിന്നോക്ക വിഭജനത്തിന് ഞങ്ങളില്ല. സംവരണത്തെ ചരിത്രപരമായാണ് കാണേണ്ടത്. സംവരണം പ്രാതിനിധ്യത്തിനു വേണ്ടിയാണ്. അത് ദാരിദ്ര്യ നിർമാർജന പ്രക്രിയ ഇല്ല. 1931 ലെ സെൻസസ് പ്രകാരം ഒ.ബി.സി വിഭാഗം 52 ശതമാനമുണ്ടെങ്കിലും മണ്ഡൽ കമ്മീഷൻ 27 ശതമാനം സംവരണമാണ് നിർദേശിച്ചത്. സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കോടതിയും ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ അത് ലംഘിക്കുമ്പോൾ, എന്തുകൊണ്ട് ഒ.ബി.സി വിഭാഗത്തിന് 52 ശതമാനം സംവരണം നൽകുന്നില്ല? മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണം പ്രഖ്യാപിച്ചത് ഒരു കണക്കുകളുടെയും പിൻബലമില്ലാതെയാണ്. പാതിരാക്കൊള്ളയാണ് അത്. പിന്നോക്കമെന്നാൽ എന്തെന്ന് ഭരണഘടനാ രൂപീകരണ സമിതി ചർച്ച ചെയ്തിരുന്നു. സാമൂഹിക, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ മാത്രമാണ് അവർ അംഗീകരിച്ചത്. സാമ്പത്തിക പിന്നോക്കാവസ്ഥ അംഗീകരിച്ചിട്ടേയില്ല. ഇപ്പോൾ സാമ്പത്തിക നയങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ ജനങ്ങൾക്ക് കൊള്ളി മിഠായി സമ്മാനിക്കുകയാണ് കേന്ദ്രം. ആർ.എസ്.എസ് നേതാവ് ഗുരു ഗോൾവാൾക്കറുടെ ആശയം നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. പിന്നോക്ക വിഭാഗക്കാരെ പിന്തള്ളി മുന്നോക്കക്കാരെ കുടിയിരുത്താനുള്ള അടവാണ് ഇത്.
ചോ: ഇതൊരു ഇലക്ഷൻ വിഷയമാക്കുമോ?
ഉ: ഭരണഘടന നൽകിയ അവകാശങ്ങൾക്കു മേലുള്ള നഗ്നമായ കുതിരകയറ്റമാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. നിശ്ശബ്ദമായിരുന്നാൽ ആർ.എസ്.എസ് ആസ്ഥാനത്തു നിന്നുള്ള ബ്രാഹ്മണ മേധാവിത്വത്തിനുള്ളിൽ അവർ അടങ്ങിയൊതുങ്ങിക്കഴിയേണ്ടി വരും. ജാതി സംവരണം അവസാനിപ്പിക്കാനുള്ള ആദ്യ ചുവടാണ് ഇത്. ജാതി സംവരണം അവർക്ക് ദഹിച്ചിട്ടില്ല.
ചോ; സാമ്പത്തിക സംവരണത്തെ എതിർക്കുകയും ഒ.ബി.സി ക്വാട്ടക്കായി വാദിക്കുകയും ചെയ്യുന്നത് വൈരുധ്യമല്ലേ?
ഉ: ഒരു കണക്കും സർവേയുമില്ലാതെ പാർലമെന്റിലെ 11 മണിക്കൂർ ചർച്ചയുടെ മാത്രം അടിസ്ഥാനത്തിലാണ് 10 ശതമാനം മുന്നോക്ക സംവരണം പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ് ഇത്. പകൽക്കൊള്ള. ബിഹാറിൽ മാത്രമല്ല, രാജ്യമെമ്പാടും ഇതിനെതിരെ ആർ.ജെ.ഡി പ്രതിഷേധമുയർത്തും. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ബി.ജെ.പി എം.പിമാരുടെ പോലും പിന്തുണ ഈ പ്രക്ഷോഭത്തിനുണ്ട്.
ചോ: പുതിയ സംവരണത്തിന് എന്തു സംഭവിക്കുമെന്നാണ് താങ്കൾ കരുതുന്നത്?
ഉ: ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും കേസുണ്ട്. സുപ്രീം കോടതി ഇതേ ചോദ്യമുന്നയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് -എവിടെയാണ് കണക്കും സർവേയുമെന്ന്. ഈ ക്വാട്ട പരാജയപ്പെടും.
ചോ: നിങ്ങളുടെ നിലപാടിന് ബിഹാറിലെങ്കിലും പിന്തുണയുണ്ടോ?
ഉ: പാർലമെന്റിൽ ഞങ്ങൾ ശക്തമായ നിലപാട് എടുത്തു. ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന നിതീഷ് കുമാറിന്റെ നിലപാടിൽ പോലു മാറ്റം വരികയാണ്. അദ്ദേഹം ആദ്യം മുന്നോക്ക സംവരണത്ത പിന്തുണച്ചു. ഇപ്പോൾ പറയുന്നു 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന നിബന്ധന എടുത്തു മാറ്റണമെന്ന്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആർ.ജെ.ഡിയുടെ നിലപാടിന് അതിശക്തമായ പിന്തുണ ലഭിച്ചതുകൊണ്ടാണ് നിതീഷ് നിലപാട് മാറ്റുന്നത്. പ്രതിഷേധം ഇനി കനക്കും. 2019 ലേത് നിർണായക തെരഞ്ഞെടുപ്പായിരിക്കും. തങ്ങളുടെ പ്രൊമോഷനുകൾക്ക് ലഭിച്ചിരുന്ന സംരക്ഷണ വലയം ലഘൂകരിച്ചതിൽ രോഷാകുലരായ പട്ടിക ജാതി വിഭാഗത്തിന്റെ പിന്തുണയും പ്രതിഷേധത്തിനുണ്ടാവും.
ചോ: ഭരണഘടനാ ഭേദഗതിയെ കോൺഗ്രസ് പിന്തുണച്ചിരുന്നുവല്ലോ? നിങ്ങളുടെ നിലപാട് അവർക്ക് ബുദ്ധിമുട്ടാവില്ലേ?
ഉ: ഇത്തരം ചരിത്ര നിമിഷത്തിൽ, പാതിരാക്കൊളളക്കെതിരെ പ്രതികരിക്കേണ്ടി വരുമ്പോൾ അധഃസ്ഥിതകരെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, സുഹൃത്തുക്കളെക്കുറിച്ചല്ല. കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാവാം. എന്നാൽ ഞങ്ങൾ തെരഞ്ഞെടുപ്പ് മാത്രം നോക്കി നിലപാടെടുക്കില്ല.