ലണ്ടന്‍- സ്റ്റാഫോര്‍ഡില്‍ വീടിനു തീപിടിച്ച് നാല് കുരുന്നുകള്‍ ദാരുണമായി കൊല്ലപ്പെട്ടു. മാതാപിതാക്കളും ഇളയകുട്ടിയും പൊള്ളലുകളോടെ രക്ഷപ്പെട്ടു.
ഗ്യാസ് പൊട്ടിത്തെറിച്ച് തീപടര്‍ന്നുപിടിച്ചതാണ് ദുരന്തകാരണം. സഹോദരങ്ങളായ നാല് കുട്ടികള്‍ ആണ് വെന്തുമരിച്ചത്. അതിരാവിലെയാണ് വീടിന്റെ ടെറസ് വരെ തകര്‍ത്ത തീപിടുത്തം ഉണ്ടായത്.
എട്ട് വയസ്സുള്ള റിലി ഹോള്‍ട്ട്, ആറ് വയസ്സുള്ള കീഗന്‍, മൂന്ന് വയസ്സുള്ള ഓളി , സഹോദരി നാല് വയസ്സുകാരി ടിള്ളി റോസ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ 24കാരി നതാലി , പിതാവ് 28കാരന്‍ ക്രിസ് മോള്‍ട്ടണ്‍, ഇളയ കുട്ടി രണ്ട് വയസ്സുകാരന്‍ ജാക്ക് എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ നിന്നും ദമ്പതികളും ഒരു കുട്ടിയും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട അമ്മയാണ് ഓടിയെത്തി അയല്‍ക്കാരുടെ സഹായം തേടിയത്. പിന്നാലെയാണ് ഇളയ കുട്ടിയെ രക്ഷപ്പെടുത്തി പിതാവ് ജനല്‍ വഴി പുറത്തെത്തിയത്. കുട്ടികളുടെ മുറിയിലാണ് തീ ആദ്യം കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഗ്യാസാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ജനലുകള്‍ പൊട്ടിത്തെറിച്ച് മേല്‍ക്കൂരയും തകര്‍ത്ത് പോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.