Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഉബര്‍ ഡ്രൈവറെ കൊന്ന് തുണ്ടമാക്കി അഴുക്കുചാലില്‍ തള്ളി; കാമുകനും കാമുകിയും പിടിയില്‍

ന്യൂദല്‍ഹി- ഒരാഴ്ച മുമ്പ് ദല്‍ഹിയില്‍ കാണാതായ ഉബര്‍ ഡ്രൈവറെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം ദാരുണ കൊലപാതകം പുറത്തു കൊണ്ടു വന്നു. ജനുവരി 29-ന് കാണാതായ ഉബര്‍ ടാക്‌സി ഡ്രൈവര്‍ രാം ഗോവിന്ദിനെ ഓട്ടം വിളിച്ച കാമുകനും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ തുമ്പ് ലഭിച്ചത്. യുപിയിലെ അംറോഹ സ്വദേശി ഫര്‍ഹത്ത് അലി (34), സംബല്‍ സ്വദേശി സീമ ശര്‍മ (30) എന്നിവരാണ് പ്രതികള്‍. പ്രണയിച്ച് ഒരുമിച്ച് കഴിയുന്ന ഇവര്‍ വിവാഹിതരല്ല. ഇരുവരും ചേര്‍ന്ന് രാം ഗോവിന്ദിനെ തന്ത്രത്തില്‍ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം കൊള്ളയടിച്ച് മൃതദേഹം തുണ്ടങ്ങളാക്കി മൂന്ന് ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളുകായിരുന്നു.

കിഴക്കന്‍ ദല്‍ഹിയിലെ ശകര്‍പൂര്‍ സ്വദേശിയായ രാമിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജനുവരി 29-നാണ് പോലീസിനെ സമീപിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ഒരു സൂചനയും ലഭിച്ചില്ല. സാക്ഷികളില്ലാത്തതായിരുന്നു കാരണം. പിന്നീട് സാങ്കേതിക സഹായങ്ങളോടെ നടത്തിയ അന്വേഷണത്തിലാണ് തുമ്പ് ലഭിച്ചത്. റാം ഓടിച്ചിരുന്ന കാറിനു സമീപം പ്രതികളായ യുവതിയും യുവാവും ചുറ്റിത്തിരിയുന്നത് ഒരു സിസിടിവി ദൃശ്യത്തില്‍ നിന്ന് കണ്ടതാണ് വഴിത്തിരിവായത്. തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയപ്പോളാണ് ഇവരുടെ പങ്ക് വ്യക്തമായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയാന്ത ആര്യ പറഞ്ഞു.

കാറിലെ ജിപിഎസ് ഡിവൈസില്‍ അവസാനമായി രേഖപ്പെടുത്തിയ യാത്ര മാദംഗീറില്‍ നിന്നും കപശേര അതിര്‍ത്തി വരെയായിരുന്നു. ഇതിനു ശേഷം ഈ ഡിവൈസ് പ്രവര്‍ത്തിച്ചിട്ടില്ല. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ രാം ഗോവിന്ദിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇതോടൊപ്പം തന്നെ മെഹ്‌റോളി-ഗുഡ്ഗാവ് റോഡില്‍ പ്രതികള്‍ കാറിനു സമീപം ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇവരെ കണ്ടെത്തി പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. രാമിനെ ആദ്യം ഗാസിയാബാദിലെ തങ്ങളുടെ താമസ്ഥലത്തേക്ക് ഓട്ടം വിളിച്ചിരുന്നുവെന്ന് വഴിമധ്യേയാണ് കൊല്ലാനുള്ള പദ്ധതിയിട്ടതെന്നും പ്രതികള്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം തന്ത്രപൂര്‍വം രാമിനെ അകത്തേക്കു വിളിച്ചിരുത്തി. മയക്കു മരുന്ന് കലര്‍ത്തി ചായ നല്‍കി. പിന്നീട് പ്രതികള്‍ ചേര്‍ന്ന് രാമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം വലിയ കത്തിയും കട്ടറും തരപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി മൂന്ന് കെട്ടുകളാക്കി. ഇവ പിന്നീട് ഗ്രേറ്റര്‍ നോയിഡയിലെ അഴുക്കു ചാലില്‍ തള്ളുകയായിരുന്നു. സംഭവ ശേഷം രാം ഗോവിന്റെ മൊബൈല്‍ ഫോണും ഹുണ്ടെയ് എക്‌സന്റ് കാറും പ്രതികളുടെ പക്കല്‍ തന്നെയായിരുന്നു. പ്രതികള്‍ പണം കണ്ടെത്താനാണ് ഈ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

Latest News