കൊച്ചി- കേരളത്തില്‍ സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ച് 24,880 എന്ന പുതിയ റെക്കോര്‍ഡിട്ടു. പവന് 25000 രൂപയിലെത്താന്‍ വെറും 120 രൂപയുടെ കുറവ് മാത്രം. മുന്‍ റെക്കോര്‍ഡായ 24,800 രൂപയാണ് തിങ്കളാഴ്ച തിരുത്തപ്പെട്ടത്. വില ഇനിയും ഉയരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്കു പുറമെ ഡോളറുമായുള്ള രൂപയുടെ വിനിമനിരക്കിലുണ്ടായ ഇടിവും ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം സ്വര്‍ണ വിലയില്‍ 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി 25-ന് വില പവവ് 24,000 രൂപയായിരുന്നു. ഈ വര്‍ഷം ആകെ 1,440 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. 2018 ഡിസംബര്‍ 31-ന് പവന് 23,440 ആയിരുന്നു സ്വര്‍ണ വില. വിവാഹ വിപണിയില്‍ ഉണ്ടായ ഉണര്‍വ്വിനൊപ്പമാണ് സ്വര്‍ണ വിയിലെ ഈ വര്‍ധന. വിവാഹ പാര്‍ട്ടികളില്‍ നിന്നും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. അതേസമയം വില ഉയര്‍ച്ച കാരണം അത്യാവശ്യക്കാരല്ലാത്തവര്‍, പ്രത്യേകിച്ച് ഇടത്തരം ഉപഭോക്താക്കള്‍ വിപണിയില്‍ നിന്ന് മാറി നില്‍ക്കുന്ന പ്രവണതയും ഉണ്ടായേക്കാം.
ഈ വര്‍ഷം സ്വര്‍ണ വില അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് രാജ്യാന്തര സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് ഈയിടെ പ്രവചിച്ചിരുന്നു. യുഎസ്-ചൈന വ്യാപാര പ്രതിസന്ധി, യുഎസിലെ ഭരണസ്തംഭനം തുടരുമെന്ന ആശങ്ക, ഓഹരി കമ്പോളങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ്, സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. ഈ സവിശേഷതയാണ് സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നതും. എന്നാല്‍ ആഭരണാവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപയോഗപ്പെടുത്തുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ഇതു പ്രതികൂലമായി ബാധിക്കുന്നു.