തിരുനല്‍വേലി: തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ നിന്ന് മനുഷ്യ മാംസം കഴിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി. ശ്മശാനത്തിലെ പാതി ദഹിപ്പിച്ച മൃതദേഹത്തില്‍ നിന്നാണ് ഇയാള്‍ മാംസം ഭക്ഷിച്ചത്. പിടിയിലായ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. എസ് മുരുഗേഷന്‍ എന്നയാളാണ് പിടിയിലായത്. ശ്മശാനത്തില്‍ നിന്ന് മനുഷ്യ മാംസം അറുത്തെടുത്ത് ഇയാള്‍ കഴിക്കുകയായിരുന്നുവെന്നാണ് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച 70 വയസുള്ള ഒരു സ്ത്രീ രാമനാഥപുരം ഗ്രാമത്തില്‍ മരണപ്പെട്ടിരുന്നു. അവിടെയുള്ള ശ്മശാനത്തില്‍ അവരുടെ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ശ്മശാനത്തിന്റെ വഴിയിലൂടെ കുറച്ച് പേര്‍ വന്നപ്പോള്‍ ചാരം മാറ്റിയ ശേഷം പാതിവെന്ത നിലയിലുള്ള മനുഷ്യ മാംസം കഴിക്കുന്ന മുരുഗേഷനെയാണ് കണ്ടത്. ഇയാളുടെ കയ്യില്‍ മാംസം അറുത്തെടുക്കാനായി ഒരു അരിവാളുമുണ്ടായിരുന്നു.ഇതോടെ ബഹളം വച്ച ആളുകള്‍ മുരുഗേഷനെ കല്ലെടുത്തെറിഞ്ഞു. എന്നാല്‍, ഇയാള്‍ അവിടെ നിന്ന് പോയില്ല. തങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ബോധം കെട്ട നിലയിലായിരുന്നു മുരുഗേഷനെന്നും പൊലീസ് പറഞ്ഞു.
കൂലിപ്പണിക്കാരനാണ് മുരുകേഷനെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന് ഇയാള്‍ അടിമപ്പെട്ടതോടെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ച് പോയി.
നേരത്തെയും ശ്മശാനത്തില്‍ അവിടെയും ഇവിടെയും മനുഷ്യ മാംസം കണ്ടെത്തിയിരുന്നു.എന്നാല്‍, തെരുവു നായ്ക്കള്‍ ചെയ്തതാകാമെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ മുരുഗേഷന്‍ മനുഷ്യ മാംസം കഴിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.