എൺപതുകളുടെ അവസാനം രാമജന്മഭൂമി പ്രസ്ഥാനം വർഗീയതയുടെ അഗ്നിസ്ഫുലിംഗങ്ങൾ സൃഷ്ടിക്കുന്നതു വരെ കോൺഗ്രസിന്റെ ഹൃദയഭൂമിയായിരുന്നു ഉത്തർപ്രദേശ്. അലഹബാദ് ഇല്ലാതെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പൂർണമാവില്ല.
നെഹ്‌റുവും ഇന്ദിരാഗാന്ധിയും വളർന്ന മണ്ണാണ് അത്. നെഹ്‌റു കുടുംബം മിക്കപ്പോഴും മത്സരിച്ചിരുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. 2019 ലെ പൊതു തെരഞ്ഞെടുപ്പിന് ആരവമുയരുമ്പോൾ കോൺഗ്രസിനെ ചിത്രത്തിൽ നിന്ന് തുടച്ചുമാറ്റാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പിയും എസ്.പി-ബി.എസ്.പി സഖ്യവും. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശം ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കുകയാണ്.
ഉത്തർപ്രദേശ് ഒരു കാലത്ത് കോൺഗ്രസിന്റെ നെടുങ്കോട്ടയായിരുന്നു. ഇന്ന് കോൺഗ്രസ് അവിടെ ഒറ്റപ്പെട്ട തുരുത്തുകളിൽ ഒതുങ്ങിപ്പോയിരിക്കുന്നു. രാമജന്മഭൂമി പ്രസ്ഥാനവും ഗോശാലകളും ജാതിരാഷ്ട്രീയവുമാണ് ഉത്തർപ്രദേശിന്റെ ഇലക്ഷൻ അജണ്ട. യു.പിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ഉത്തേജനം പകരാനും രാഷ്ട്രീയ അജണ്ട വഴിതിരിച്ചുവിടാനും പ്രിയങ്കക്ക് സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വിദഗ്ധർ.
കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നത്. കിഴക്കൻ യു.പിയിൽ ബി.ജെ.പിയുടെയും എസ്.പി-ബി.എസ്.പി സഖ്യത്തിന്റെയും കണക്കുകൂട്ടലുകളെ തകിടം മറിക്കാൻ പ്രിയങ്കയുടെ സാന്നിധ്യത്തിന് കഴിയുമെന്നാണ് നിരീക്ഷണം. ഇന്ദിരാഗാന്ധിയുമായുള്ള സാമ്യവും വ്യക്തിപ്രഭാവവും കൊണ്ട് പ്രിയങ്ക ഇന്നും യു.പിയിലെ ഗ്രാമീണർക്ക് പ്രിയങ്കരിയാണ്. യുവ വോട്ടർമാരെ സ്വാധീനിക്കാനും പ്രിയങ്കക്ക് കഴിയുമെന്ന് പാർട്ടി കരുതുന്നു. അതുകൊണ്ടു തന്നെ യു.പിയിൽ കോൺഗ്രസിന് അത് വലിയ ഉത്തേജനം പകർന്നിട്ടുണ്ട്. എന്നാൽ പ്രിയങ്കയുടെ സാന്നിധ്യം വോട്ടാക്കി മാറ്റാൻ പറ്റുന്ന പാർട്ടി സംവിധാനം കോൺഗ്രസിന് യു.പിയിലുണ്ടോയെന്നതാണ് സംശയം. 1989 മുതൽ കോൺഗ്രസ് യു.പിയിൽ ഭരണത്തിനു പുറത്താണ്. എങ്കിലും 2014 നെ അപേക്ഷിച്ച് പാർട്ടി കരുത്താർജിച്ചിട്ടുണ്ട്. ഗുജറാത്തിലും കർണാടകയിലും കോൺഗ്രസ് കാഴ്ചവെച്ച മുന്നേറ്റം പാർട്ടിയുടെ ഉയിർത്തെഴുന്നേൽപിന്റെ സൂചന നൽകുന്നതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിനും കോൺഗ്രസ് അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. എന്നിട്ടും കോൺഗ്രസിനെ മതേതര സഖ്യത്തിന്റെ ഭാഗമാക്കാൻ യു.പിയിൽ എസ്.പിയും ബി.എസ്.പിയും തയാറായില്ല. 38 സീറ്റുകൾ വീതം വിഭജിച്ചെടുത്ത ഇരു പാർട്ടികളും അമേത്തിയും റായ്ബറേലിയും മാത്രം കോൺഗ്രസിന് അനുവദിച്ചു. ഇത് തള്ളിയ കോൺഗ്രസ് എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമേത്തിയും റായ്ബറേലിയും ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളാണ്.
കിഴക്കൻ യു.പിയിൽ പ്രിയങ്കക്ക് പിടിച്ചുനിൽക്കുക എളുപ്പമാവില്ല. കരുത്തരായ നിരവധി നേതാക്കന്മാരുടെ തട്ടകമാണ് അത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഈ മേഖലയിലാണ്. അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളുടെയും ആസ്ഥാനം ഇവിടെയാണ്. എതിരാളികളെ പലപ്പോഴും വ്യക്തിപരമായി അധിക്ഷേപിക്കുന്ന മോഡിയുടെ ആക്രമണോത്സുകമായ പ്രസംഗങ്ങളും അതിശക്തമായ പാർട്ടി ഘടനയും സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗവും ബി.ജെ.പിക്ക് വലിയ മുൻതൂക്കം നൽകുന്നു. ഗോരഖ്‌നാഥ് മഠത്തിന്റെയും ഹിന്ദു യുവവാഹിനിയുടെയും അധ്യക്ഷനെന്ന നിലയിൽ ആദിത്യനാഥിനും മേഖലയിൽ വലിയ വേരുകളുണ്ട്. കിഴക്കൻ യു.പിയിലെ ഗോരഖ്പൂരും ഫൂൽപുരും (മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങൾ) പിടിച്ചെടുത്ത ആവേശത്തിലാണ് എസ്.പിയും ബി.എസ്.പിയും. കോൺഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും വെവ്വേറെ മത്സരിക്കുമ്പോൾ ദളിത്-മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പിക്ക് കഴിയും.
മോഡി ജനപ്രിയനാണെങ്കിലും കാർഷിക പ്രതിസന്ധിയും ഇലക്ഷൻ വാഗ്ദാനങ്ങൾ പാലിക്കാത്തതും കാരണം ബി.ജെ.പിക്കെതിരായ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ജാതി സംഘർഷങ്ങൾ ദളിതർക്കിടയിലും പ്രതിഷേധം സൃഷ്ടിച്ചു. ആദിത്യനാഥ് സർക്കാർ വൻ പരാജയമാണ്. ക്രമസമാധാനം തകരുകയും ഏറ്റുമുട്ടൽ കൊലകൾ വർധിക്കുകയും ചെയ്തു. വൈദ്യമേഖലയിൽ സമ്പൂർണ തകർച്ചയാണ്. കിഴക്കൻ യു.പിയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌നാദൾ ഇടഞ്ഞുനിൽക്കുന്നു. കൂടാതെ എസ്.പിയുടെയും ബി.എസ്.പിയുടെയും രാഷ്ട്രീയ അടിത്തറ പഴയതുപോലെ ശക്തമല്ല. ഈ സാഹചര്യത്തിൽ ദളിതരുടെയും മുസ്‌ലിംകളുടെയും നിരാശരായ യുവതയുടെയും കർഷകരുടെയും വിശ്വാസം നേടാൻ പ്രിയങ്കക് കഴിയുമോയെന്നതാണ് ചോദ്യം. 2014 ലും 2017 ലും ചെറിയ തോതിൽ പ്രചാരണ രംഗത്തിറങ്ങിയ പ്രിയങ്കക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
കിഴക്കൻ യു.പി കോൺഗ്രസിന്റെ ഹൃദയഭൂമിയായിരുന്നു. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപിൽ മേഖലക്ക് പ്രതികാത്മകമായ പങ്കുണ്ട്. അലഹാബാദിനെയാണ് ലാൽബഹദൂർ ശാസ്ത്രി പ്രതിനിധാനം ചെയ്തിരുന്നത്. ജവഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായിരുന്നു ഫൂൽപൂർ. വിജയലക്ഷ്മി പണ്ഡിറ്റും ഇവിടെ ജയിച്ചിട്ടുണ്ട്. ഇപ്പോഴും 25 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ട്.
ബാരാബങ്കി, ഫൈസാബാദ്, ഗോണ്ട, സുൽത്താൻപൂർ, പ്രതാപ്ഗഢ്, അലഹാബാദ് (പ്രയാഗ്‌രാജ്), വരാണസി, ഉന്നാവ്, മിർസാപൂർ എന്നിവ ഇതിൽപെടും. കിഴക്കൻ യു.പിയിലെ 20 സീറ്റുകളിലെങ്കിലും ഗണ്യമായ മുസ്‌ലിം വോട്ടുണ്ട്. ബി.ജെ.പിക്ക് ബദൽശക്തിയാണ് കോൺഗ്രസ് എന്ന പ്രതീതിയുണ്ടായാൽ ഈ വോട്ടുകൾ കോൺഗ്രസിന് സ്വാധീനിക്കാനാവും. സ്ത്രീ വോട്ടർമാരിലും പ്രിയങ്കക്ക് ചലനം സൃഷ്ടിക്കാനാവും. ബ്രാഹ്മണ വോട്ടിൽ ഒരു ഭാഗം ബി.ജെ.പിയിൽ നിന്ന് അടർത്തി മാറ്റാനും ഇത് വഴിയൊരുക്കും. ഏറ്റവും ചുരുങ്ങിയത് തന്ത്രങ്ങളിൽ മാറ്റം വരുത്താനെങ്കിലും പ്രിയങ്കയുടെ സാന്നിധ്യം ബി.ജെ.പിയെയും എസ്.പി-ബി.എസ്.പി സഖ്യത്തെയും നിർബന്ധിതമാക്കും.