തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് നടിയും രാഷ്ട്രീയനേതാവുമായ ജയപ്രദ.
സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അമര്‍ സിങ്ങിനേയും തന്നേയും ചേര്‍ത്ത് പല കള്ളക്കഥകളും ചിലര്‍ പ്രചരിപ്പിച്ചെന്നും ജയപ്രദ പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവും രാംപൂര്‍ എം.എല്‍.എയുമായ അസം ഖാന്‍ തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും അമര്‍ സിങ്ങുമായുള്ള തന്റെ അടുപ്പത്തില്‍ തെറ്റിദ്ധരിച്ചായിരുന്നു അസംഖാന്റെ നടപടിയെന്നും ജയപ്രദ പറയുന്നു.
തന്റെ ഗോഡ് ഫാദറായാണ് അമര്‍ സിങ്ങിനെ കണക്കാക്കുന്നത്. ജനങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തെ രാഖി അണിയിക്കാനും താന്‍ തയ്യാറാണെന്നും ജയപ്രദ പറഞ്ഞു.
തന്റെ ജീവിതത്തില്‍ നിരവധി പേര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അമര്‍സിങ്ജി തന്റെ ഗോഡ് ഫാദറാണ്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ജയപ്രദ പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും പിന്തുണയുമായി വന്നിരുന്നില്ല. മുലായം സിങ്ങ് യാദവ് ഒരുതവണ പോലും വിളിച്ചന്വേഷിച്ചിട്ടില്ലെന്നും താരം പറയുന്നു.
അമര്‍ സിങ് ഡയാലിസിസിന് വിധേയനായിരിക്കുന്ന സമയത്താണ് എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഇനി ജീവിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു. ട്രോമ അവസ്ഥയില്‍ എത്തിയപ്പോള്‍ പോലം ആരും പിന്തുണ തരാന്‍ ഉണ്ടായിരുന്നില്ല- ജയപ്രദ പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പുരുഷമേധാവിത്വം തന്നെയാണെന്നും ഒരുപാര്‍ട്ടിയുടെ സിറ്റിങ്ങ് എംപി ആയിരുന്നിട്ട് പോലും തനിക്ക് ആസിഡ് ആക്രമണ ഭീഷണി നേരിടേണ്ടിവന്നത് ഇതിനു തെളിവാണെന്നും ജയപ്രദ പറയുന്നു.