അലിഗഡ്- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അവഹേളിച്ച് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്കരിച്ച് അദ്ദേഹത്തെ അവഹേളിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ക്രൂരമായ ആവിഷ്കാരം നടന്നത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടു.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്. അന്നേദിവസം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ഗോഡ്സെ പ്രതിമയില്‍ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്.