Sorry, you need to enable JavaScript to visit this website.

ചെന്നൈ സ്റ്റുഡിയോയില്‍ അപമാനിക്കാന്‍  ശ്രമമുണ്ടായെന്ന് ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ പ്രിയ നായികമാര്‍ക്ക് ശബ്ദം നല്‍കി, മലയാളികളുടെ വീട്ടിലെ അംഗം ആയി മാറിയ കലാകാരിയാണ് ഭാഗ്യലക്ഷ്മി. അടുത്തിടെ ചില സിനിമകളിലും വേഷമിട്ട്, അഭിനയമെന്ന കലയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. പല സുപ്രധാന വിഷയങ്ങളിലും മുഖം നോക്കാതെ അഭിപ്രായം പറഞ്ഞും ഭാഗ്യലക്ഷ്മി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
തനിക്കു നേരെ ഉണ്ടായ അപമാനശ്രമത്തെ താന്‍ കരുത്തോടെ പ്രതികരിച്ചതുകൊണ്ട് ആത്മാഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞതുമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ഭാഗ്യലക്ഷ്മി. 
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എ വി എം സ്റ്റുഡിയോയില്‍ വച്ചുണ്ടായ 
അനുഭവം വെളിപ്പെടുത്തിയത്. 
ഡബ്ബിങ്ങിനിടയില്‍ ഒരു സംവിധായകന്‍ മോശമായി പെരുമാറിയതിനു പിന്നാലെ മടി കൂടാതെ പ്രതികരിച്ചതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സു തുറന്നത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍-
റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി ഡബ്ബ് ചെയ്യുകയാണ്. ഡബ്ബിങ്ങിനിടയില്‍ റേപ്പിങ് ശരിയാകുന്നില്ല എന്നു സംവിധായകന്‍ വിളിച്ചു പറയുന്നുണ്ട്. റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ. അതിനാല്‍ അയാള്‍ക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഞാന്‍ പറയുന്നുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ശബ്ദം കൊടുക്കാനല്ലേ ഞാന്‍ വന്നിരിക്കുന്നത്. അലറി വിളിക്കുകയെന്ന ജോലിയല്ലേ എനിക്കു ചെയ്യാനാകൂ.
'എന്നെ വിടൂ എന്നെ വിടൂ'വെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കുറേ ടേക്കുകളെടുത്തിട്ടും സംതൃപ്തനായിരുന്നില്ല അയാള്‍. കുറച്ചു കഴിഞ്ഞ് എണീറ്റു നിന്ന് ബഹളം തുടങ്ങി. ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്കു വിളിച്ചു പറഞ്ഞു. 
ഒടുവില്‍ സഹികെട്ട് ക്ഷമിക്കണം, ഞാനീ ചിത്രത്തിനു വേണ്ടി ഡബ് ചെയ്യുന്നില്ലെന്നു പറഞ്ഞു പുറത്തേക്കിറങ്ങി. അപ്പോഴും അയാള്‍ വിട്ടില്ല. പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി. അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്ന് അയാള്‍. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്! 
ചെന്നൈ എ വി എം സ്റ്റുഡിയോയില്‍ വച്ചാണ് ഈ മോശം അനുഭവം എനിക്കുണ്ടായത്. സ്റ്റുഡിയോ ഉടമ ശരവണന്‍ സാര്‍ ഓടി വന്ന് കാര്യം തിരക്കിയപ്പോള്‍ ഞാന്‍ സംഭവം വിവരിച്ചു പറഞ്ഞു. ഈ സ്റ്റുഡിയോയില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നു അയാള്‍ക്ക് താക്കീതു നല്‍കി സ്വന്തം കാറില്‍ എന്നെ അവിടുന്നു പറഞ്ഞയച്ചു. ഞാന്‍ ആ സിനിമ വേണ്ടെന്നും വച്ചു.

Latest News