Sorry, you need to enable JavaScript to visit this website.

ക്രിപ്‌റ്റോ റിയാല്‍: യു.എസ് ഉപരോധം മറികടക്കാന്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുമായി ഇറാന്‍

തെഹ്‌റാന്‍-അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സ്വന്തം ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കുന്നു. ഇതിന്റെ പ്രഖ്യാപനം ഈയാഴ്ച നടക്കുന്ന ഇലക്ട്രോണിക് ബാങ്കിംഗ് ആന്റ് പേയ്‌മെന്റ് സിസ്റ്റം സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ വര്‍ഷം പകുതിയോടെ ഏര്‍പ്പെടുത്തിയ ഉപരോധം ഫലപ്രദമാക്കാന്‍ അമേരിക്ക ആഗോള ഫിനാന്‍ഷ്യല്‍ മെസേജിംഗ് സംവിധാനമായ സ്വിഫ്റ്റില്‍ പിടിമുറുക്കിയതോടെയാണ് ഇറാന്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി ആരംഭിക്കുന്നതിനെ കുറിച്ച് ഗവേഷണം തുടങ്ങിയത്. സ്വിഫ്റ്റ് പ്രൊട്ടോക്കോള്‍ ഇല്ലാതായതോടെ രാജ്യാന്തര തലത്തില്‍ ഇറാന് കറന്‍സി കൈമാറ്റം സാധ്യമാകാതായി. 
രണ്ട് ഘട്ടങ്ങളിലായാണ് ഇറാന്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാനിലെ ബാങ്കുകളും രാജ്യത്തെ സ്ഥാപനങ്ങളും തമ്മിലുള്ള വിനിമയത്തിനായി പുറത്തിറക്കുന്ന ക്രിപ്‌റ്റോ റിയാലാണ് ആദ്യഘട്ടം. പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും രണ്ടാം ഘട്ടം. ക്രിപ്‌റ്റോയും അതിന്റെ വിനിമയത്തിനായുള്ള ബ്ലോക്ക് ചെയിന്‍ നെറ്റ്‌വര്‍ക്കുകളിലും ചേരുന്നതോടെ പരമ്പരാഗത വിനിമയ നെറ്റ് വര്‍ക്കായ സ്വിഫ്റ്റ് ഭേദിക്കുന്ന ആദ്യ രാജ്യമായി മാറും ഇറാന്‍.
കഴിഞ്ഞ നവംബറില്‍ റഷ്യയുമായും അര്‍മീനിയയുമായും ഇറാന്‍ ബ്ലോക്ക് ചെയിന്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെ തന്നെ സ്വിഫ്റ്റ് ബദല്‍ സംവിധാനത്തില്‍ ഇറാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് 
റഷ്യന്‍ അസോസിയേഷന്‍ ഓഫ് ക്രിപ്‌റ്റോ ഇന്‍ഡസ്ട്രി ആന്റ് ബ്ലോക്ക് ചെയിന്‍ മേധാവി യൂറി പ്രിപാച്കിന്‍ പറഞ്ഞിരുന്നു.
 

Latest News