ബെംഗളൂരു- മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി പരാതി പറയാൻ എഴുന്നേറ്റ യുവതിയോട് നിലവിട്ട് പെരുമാറിയ കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സംസാരിക്കുന്നതിനിടെ യുവതിയുടെ കൈയിൽനിന്നു സിദ്ധരാമയ്യ മൈക്കു തട്ടിപ്പറിച്ചപ്പോൾ അവരുടെ വസ്ത്രം അഴിഞ്ഞുവീണു.
മൈസൂരുവിലെ പരിപാടിയിലാണ് സംഭവം. പെട്ടെന്നു പ്രകോപിതനായ സിദ്ധരാമയ്യ, അവരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. സംസാരം തുടർന്നപ്പോൾ ക്ഷോഭത്തോടെ എഴുന്നേൽക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. അപ്പോഴാണു അവരുടെ ഷാളും ഊർന്നുവീണത്. എന്തു സംഭവിച്ചെന്നറിയാതെ പതറിപ്പോയ യുവതിയോടു വീണ്ടും ദേഷ്യപ്പെടുന്നതും ഇരിക്കാൻ ആജ്ഞാപിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
യുവതിയുടെ ചോദ്യങ്ങൾ മുൻ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നാണു കരുതുന്നത്.