ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് തമിഴ്നാട്ടിലെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. സത്യരാജ് ബാലു എന്ന പാര്‍ട്ടി പ്രാദേശിക ഭാരവാഹിയാണ് മധുരെയില്‍ അറസ്റ്റിലായത്. നരേന്ദ്ര മോഡിയുടെ യാചക വേഷത്തിലുളള ചിത്രം സത്യരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദു മക്കള്‍ കക്ഷിയും ബിജെപിയും പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് തറക്കല്ലിടാനായിരുന്നു പ്രധാനമന്ത്രി മധുരെയിലെത്തിയത്. നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗോ ബാക്ക് മോഡി എന്ന ഹാഷ് ടാഗിലായിരുന്നു മോഡിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം നടന്നത്.