മുംബൈ- വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണത്തില്‍ മുന്‍ ബാങ്ക് എം.ഡി ചന്ദ കോച്ചറിനെതിരെ കേസെടുത്ത സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദല്‍ഹി സി.ബി.ഐ യൂണിറ്റിലെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്‍ എസ്.പി സുധാംഷു ധര് മിശ്രയെയാണു റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയത്. ചന്ദ കോച്ചര്‍, ഭര്‍ത്താവ് ദീപക് കോച്ചര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് എംഡി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയുള്ള എഫ്.ഐ.ആറില്‍ ജനുവരി 22നാണ് സുധാംഷു ഒപ്പിട്ടത്. എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സിബിഐ നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസില്‍ ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം സി.ബി.ഐ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിക്കു വേണ്ടപ്പെട്ടവരുടെ പിന്നാലെ പോകുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കേന്ദ്രത്തിന്റെ രീതിയാണ് ഇവിടെയും കണ്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിഡിയോകോണ്‍ ഓഫിസുകള്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. വിഡിയോകോണ്‍ ഓഫിസുകള്‍ കൂടാതെ ദീപക് കൊച്ചാറിന്റെ 'ന്യൂപവര്‍ റിന്യൂവബിള്‍സ്' ഓഫിസിലും മുംബൈയിലെ നരിമാന് പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. തുടര്‍ന്നാണ് റെയ്ഡ് വിവരം ചോര്‍ന്നതായി സംശയമുയര്‍ന്നത്.
റെയ്ഡിനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് സുധാംഷുവാണെന്നു സംശയിക്കുന്നതായി സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.