കടന്നു കളഞ്ഞ കോടീശ്വരന്മാരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം? സ്ഥിരീകരിക്കാതെ സര്‍ക്കാര്‍

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് മല്യയേയോ നീരവ് മോഡിയേയോ മെഹുല്‍ ചോക്‌സിയേയോ തിരികെയെത്തിച്ച് മോഡി ഞെട്ടിക്കുമോ? കോടീശ്വരന്മാരെല്ലാം പണവുമായി നാടുവിട്ടെന്ന ആക്ഷേപത്തില്‍നിന്ന് മുഖം രക്ഷിക്കാന്‍ മോഡി എന്തു കളിയും കളിക്കും. കുപ്രസിദ്ധ കുറ്റവാളിയെ രാജ്യത്തേക്ക് തിരികെയെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം തയാറായി നില്‍ക്കുകയാണെന്ന വാര്‍ത്ത ഇതിന്റെ ഭാഗമാണ്. 
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ മിണ്ടിയിട്ടില്ല. ബഹുദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം ആര്‍ക്ക് വേണ്ടിയാണ് പുറപ്പെടുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് പുറമേ സിബിഐഎന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരായ 20 പേര്‍ കൂടി യാത്ര തിരിക്കുമത്രെ. 
രാജ്യത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്‌സി, നീരവ് മോദി, വിജയ് മല്യ അടക്കമുള്ള നിരവധി പേര്‍ വിദേശത്താണുള്ളത്. മെഹുല്‍ ചോക്‌സിക്ക് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ പൗരത്വം ലഭിച്ചതായും സൂചനയുണ്ട്.  പ്രത്യേക ദൗത്യം ലക്ഷ്യംവയ്ക്കുന്നത് നീരവ് മോഡിയെയും മെഹുല്‍ ചോക്‌സിയെയുമാണെന്നാണ് കരുതപ്പെടുന്നത്.

Latest News