Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതി ഒഴിവാകട്ടെ; അയോധ്യാ പ്രശ്‌നം 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കും-യോഗി

ലഖ്‌നൗ-അയോധ്യ തര്‍ക്കത്തില്‍ ഉടന്‍ തന്നെ വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് സാധിക്കുന്നില്ലെങ്കില്‍ അത് തങ്ങള്‍ക്ക് കൈമാറണമെന്നും 24 മണിക്കൂറിനകം പരിഹാരം കാണുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര വിഷയത്തില്‍ ജനങ്ങളുടെ ക്ഷമ അതിവേഗം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ഇന്ത്യാ ടി.വിയോട് പറഞ്ഞു. 
അയോധ്യ പ്രശ്‌നം ചര്‍ച്ചകളിലൂടെയാണോ ബലം പ്രയോഗിച്ചാണോ പരിഹരിക്കുകയെന്ന ചോദ്യത്തിന് ആദ്യം സുപ്രീം കോടതി കൈമാറട്ടെ എന്നായിരുന്നു മറുപടി.
തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് കോടതിയോട് ഇപ്പോഴും അഭ്യര്‍ഥിക്കുന്നത്. ഭൂമി വീതംവെക്കുന്ന കാര്യത്തിലല്ല 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെന്നും ഹിന്ദുക്ഷേത്രം അല്ലെങ്കില്‍ സ്മാരകം തകര്‍ത്താണ് ബാബ്‌രി കെട്ടിടം നിര്‍മിച്ചതെന്നാണ് കോടതി വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പ് ഗവേഷണം നടത്തി ഇക്കാര്യം സ്ഥിരീകരിച്ച് കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കം അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചാല്‍ അത് കോടിക്കണക്കിന് ജനങ്ങളെ തൃപ്തിപ്പെടുത്തുമെന്നും ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി അതു മാറുമെന്നും യോഗി അഭിപ്രായപ്പെട്ടു. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമയേയും വിശ്വസത്തേയുമാണ് ബാധിക്കുന്നത്. സുപ്രീം കോടതി തീരുമാനം ഞങ്ങള്‍ക്ക് വിട്ടാല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 മണിക്കൂര്‍ മതിയെന്നും 25 മണിക്കൂര്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം കോടതിയിലായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.
അയോധ്യ പ്രശ്‌നം പരിഹരിക്കുകയും മുത്തലാഖ് നിരോധം നടപ്പിലാകുകയും ചെയ്താല്‍ ഇന്ത്യയില്‍ പ്രീണന രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 2014 ല്‍ നേടിയ സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
 

Latest News