എന്‍ഡിഎയുടെ പരാജയം പ്രവചിച്ച് പുതിയ സര്‍വ്വേ

ന്യൂദല്‍ഹി- പ്രതിപക്ഷം ഒന്നിക്കുകയാണെങ്കില്‍ എന്‍ഡിഎ തകര്‍ന്നടിയുമെന്ന് പുതിയ സര്‍വ്വേ. ഇന്ത്യ ടുഡേയും കര്‍വ്വി കോര്‍പറേറ്റ്‌സും സംയുക്തമായി നടത്തിയ സര്‍വ്വേയാണ് ദേശീയ ജനാധിപത്യ മുന്നണിയുടെ പരാജയം പ്രവചിച്ചത്. 
ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് 237 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. 2014 ല്‍ കിട്ടിയ 336 സീറ്റുകളില്‍ 99 എണ്ണം കുറവുണ്ടാവുമെന്നാണ് സര്‍വ്വേ കണ്ടെത്തിയത്. യുപിഎ 166 സീറ്റുകള്‍ നേടുമെന്നും 107 സീറ്റുകളുടെ വര്‍ദ്ധനയുണ്ടാവുമെന്നും  സര്‍വ്വേ പറയുന്നു. 

എന്‍ഡിഎക്ക് 35 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ യുപിഎ 33 ശതമാനം വോട്ടുകള്‍ നേടും. മറ്റു പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 32 ശതമാനം വോട്ടുകളും 140 സീറ്റുകളും നേടുമെന്ന് അഭിപ്രായ സര്‍വ്വേ പറയുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയവ സഖ്യത്തില്‍ ചേരുകയാണെങ്കില്‍ യുപിഎക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തലുകള്‍. ഈ പാര്‍ട്ടികള്‍ സഖ്യത്തോടൊപ്പം ചേരുകയാണെങ്കില്‍ യുപിഎക്ക് ആകെ 269 സീറ്റുകള്‍ ആവുമെന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും. 

എഐഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദള്‍ തുടങ്ങിയവ മുന്നണിയില്‍ ചേര്‍ന്നാലും എന്‍ഡിഎക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.
 

Latest News