സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കറന്‍സിയില്‍ കന്നുകാലികളുടെ ഇറച്ചിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ചാണ് ഹിന്ദുസംഘടനകള്‍ പ്രതിഷേധിക്കുന്നതെന്ന് ഡെയ്‌ലിമെയില്‍ ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.'ബീഫ് വിമുക്ത കറന്‍സികള്‍' അച്ചടിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സേട് ഇത് സംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ 'പോളിമര്‍ 'കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 'ടാലോ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തിയത്. നേരത്തെ ബ്രിട്ടനിലെ കറന്‍സികളിലും ടാലോ അടങ്ങിയതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ നോട്ടു പിന്‍വലിച്ചില്ല. നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകാതിരിക്കാനും ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്. ഇനി പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും കറന്‍സികളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണമെന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.