ചെന്നൈ:വീട്ടുജോലിക്കാരിയായ പതിനാലുവയസുകാരിയെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് പതിനാലു വയസുകാരിയായ തന്റെ മകളെ കാണാന്‍ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്പളം മകള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.
10,000 രൂപ മാസശമ്പളത്തിന് ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് പറഞ്ഞുറപ്പിച്ച തുക നല്‍കുന്നില്ലെന്നും മാസങ്ങളായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ നടി അനുവദിക്കുന്നില്ലെന്നുമാണ് പ്രഭാവതിയുടെ പരാതി. സമാല്‍കോട്ട് പോലീസ് സ്‌റ്റേഷനിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ മകളെ ഉപദ്രവിച്ചതായി അഞ്ജാത സന്ദേശം ലഭിച്ചെന്നും മകളെ കാണാന്‍ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഭാനുപ്രിയ പൂര്‍ണമായും തള്ളി. പെണ്‍കുട്ടി ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയച്ചതിനെ തുടര്‍ന്നുമാണ് അവര്‍ വ്യാജ പരാതി നല്‍കിയതെന്നാണ് ഭാനുപ്രിയ പറയുന്നത്. പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി.