ന്യൂഡല്‍ഹി- ഓണ്‍ലൈന്‍ ഗെയിമായ പബ്ജി ഗുജറാത്തിലെ സ്കൂളുകളില്‍ നിരോധിച്ചു. പ്രാഥമിക സ്കൂളുകളിലാണ് ഗെയിം നിരോധിച്ചത്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നിരോധനം നടപ്പാക്കാന്‍ സ്കൂളുകളോട് ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മേല്‍ മോ്ശം സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് നടപടി എന്ന് സര്‍ക്കുലറില്‍ പറയുന്നു.പബ്ജിയുടെ മൊബൈല്‍ വേഴ്ഷന് മാത്രമാണ് നിരോധനമുളളത്.
ഗെയിം നിരോധനം നടപ്പില്‍ വരുത്താനാവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കുലര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെടുന്നുണ്ട്.
ജമ്മു കശ്മീരില്‍ സമാനമായ കാരണങ്ങളാല്‍ പബ്ജി നിരോധിച്ചതിന് ദിവസങ്ങള്‍ക്കുളളിലാണ് ഗുജറാത്തിലും നടപടി വരുന്നത്. ദേശീയ ബാലാവകാശ കമ്മീഷന് പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പബ്ജി നിരോധനം നേരത്തെ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷണര്‍ ജാഗ്രതി പാണ്ഡ്യ പറഞ്ഞു.