ഇന്ത്യയില്‍ ദീര്‍ഘകാലമായി നിരത്തുകളിലെ നിറസാന്നിധ്യമായി തുടരുന്ന മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ എന്ന ജനപ്രിയ ഹാച്ബാക്കിന്റെ മൂന്നാം തലമുറ, കൂടുതല്‍ പുതുമകളോടെ മുഖംമിനുക്കി വിപണിയിലെത്തി. പലഘട്ടങ്ങളില്‍ മുഖംമിനുക്കലുകള്‍ക്ക് വിധേയമാക്കപ്പെട്ട ഈ ടോള്‍ ബോയ് കാര്‍ ഇത്തവണ അടിമുടി പുതിയ രൂപത്തിലാണ് എത്തിയിരിക്കുന്നത്. ബുധനാഴ്ച അവതരിപ്പിച്ച പുതിയ വാഗണ്‍ ആറിന്റെ ദല്‍ഹി എകസ്-ഷോറൂം വില തുടങ്ങുന്നത് 4.19 ലക്ഷം രൂപയില്‍ നിന്നാണ്. ഇത് 5.69 ലക്ഷം വരെ ഉയരും. മുഖ്യമായും LXI, VXI, ZXI എന്നിങ്ങനെ മുന്ന് പെട്രോള്‍ വേരിയന്റുകളാണ് വിപണിയിലിറക്കിയിരിക്കുന്നത്. എഞ്ചിന്‍ ഓപ്ഷനുകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഏഴ് തിരിഞ്ഞെടുക്കാന്‍ ഏഴു വകഭേദങ്ങളുമുണ്ട്. പുതുതായി ഇന്ത്യന്‍ നിരത്തില്‍ തിരിച്ചെത്തിയ ഹുണ്ടേയ് സാന്‍ട്രോ, ടാറ്റയുടെ മികച്ച ടിയോഗോ എന്നിവയോടാണ് പുതിയ വാഗണ്‍ ആറിന് പ്രധാനമായും ഏറ്റുമുട്ടാനുള്ളത്.
കരുത്ത്
1.2 ലീറ്റര്‍, 1.0 ലീറ്റര്‍ എന്നീ രണ്ടു എഞ്ചിനുകള്‍ക്കൊപ്പം മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒപ്ഷനുകളും ലഭ്യമാണ്. ഇതുവരെ 67 ബിഎച്പി പറവും 90 എന്‍എം ടോര്‍ക്കുമുള്ള 1 ലീറ്റര്‍ എഞ്ചിനായിരുന്നു വാഗണ്‍ ആറിലുണ്ടായിരുന്നതെങ്കില്‍, പുതിയ കാറില്‍ 1.2 ലീറ്റര്‍ എഞ്ചിന്‍ കൂടി ലഭ്യമാക്കി. ആനുപാതികമായി കരുത്ത് 89 ബിഎച്പി പവറും 113 എന്‍.എം ടോര്‍ക്കും ആയി ഉയര്‍ന്നു. സിഎന്‍ജി വഗഭേദം ഇല്ല. മാരുതിയുടെ ഏറ്റവും പുതിയ ഹേര്‍ട്ടെക് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച പുതിയ വാഗണ്‍ആര്‍ നിരത്തില്‍ കൂടുതല്‍ കരുത്തുറ്റതും സ്ഥിരതയുള്ളതുമാണെന്ന് കമ്പനി പറയുന്നു. ഇതുവഴി ഭാരം 69 കിലോ കുറക്കാന്‍ കഴിഞ്ഞുവെന്ന് മാരുതി പറയുന്നു. ഇത് ഇന്ധനക്ഷമതയില്‍ പ്രതിഫലിക്കും. 21.5 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഈ ഗണത്തിലെ മികച്ച സുരക്ഷാ സംവിധാനങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, മുന്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട്, പിന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന വേരിയന്റ് തൊട്ട് എല്ലാത്തിലും ലഭിക്കും. 11,000 രൂപ വാങ്ങി മാരുതി നേരത്തെ തന്നെ പുതിയ വാഗണ്‍ആറിന്റെ ബുക്കിങ് സ്വീകരിച്ചു വരുന്നുണ്ട്.
കാഴ്ച
ആദ്യ രണ്ടു തലമുറകളെ അപേക്ഷിച്ച് കാഴ്ചയിലും ഫീച്ചേഴ്‌സിലും കൂടുതല്‍ പ്രീമീയം ആയി മാറിയിട്ടുണ്ട് പുതിയ വാഗണ്‍ ആര്‍. ടോള്‍ ബോയ് എന്ന പേര് നിലനിര്‍ത്തി പുറംമോടിയില്‍ കാര്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബോഡി വീതി കൂട്ടി. പുതിയ ബോണറ്റ്, ഗ്രില്‍, പുതുരൂപമണിഞ്ഞ ബമ്പറും ഫോഗ് ലാമ്പുകളും, ഡ്യുവല്‍ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, LED ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതിയ ടെയില്‍ ലാമ്പ്, വശങ്ങളിലെ വേറിട്ട ക്യാരക്ടര്‍ ലൈനുകള്‍ എല്ലാം പുതിയ വാഗണ്‍ആറിനെ കൂട്ടത്തില്‍ എടുത്തു കാണിക്കും.
പഴയ വാഗണ്‍ആറിനേക്കാള്‍ വലിപ്പത്തിലും മാറ്റമുണ്ട്. നീളം 3,655 മില്ലി മീറ്ററും വീതി 1,620 മില്ലി മീറ്ററും ഉയരം 1,675 മില്ലി മീറ്ററുമാണ്. വീല്‍ ബേസും വര്‍ധിച്ച് 2,435 മില്ലി മീറ്ററായി. ഈ മാറ്റങ്ങള്‍ ക്യാബിനില്‍ ഇടം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡാഷ് ബോര്‍ഡി പൂര്‍ണമായും പുതുക്കി. ഒരു ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റര്‍ ഡാഷ്‌ബോഡില്‍ ഇടം നേടിയിരിക്കുന്നു. സ്മാര്‍ട്‌പ്ലേ സ്റ്റുഡിയോ എന്നു മാരുതി വിളിക്കുന്ന ഈ സംവിധാനത്തില്‍ സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റി, വാഹനത്തിന്റെ വിവരങ്ങള്‍, ആപ്പ്ള്‍ കാര്‍പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ മറ്റു ക്ലൗഡ് ബേസ്ഡ് സേവനങ്ങളും ലഭിക്കും. ബീജ് ഫാബ്രിക് ആണ് സീറ്റുകള്‍ക്ക്.