കെ.സി. വേണുഗോപാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ തലയെടുപ്പുള്ള നേതാവായി വളരുന്ന കെ.സി. വേണുഗോപാല്‍ എം.പിക്ക് പ്രമോഷന്‍. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. ഒപ്പം കര്‍ണാടകയുടെ ചുമതലയിലും തുടരും.
കോണ്‍ഗ്രസിന്റെ പുതു തലമുറ നേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാവായി കെ.സി വേണുഗോപാല്‍ മാറുകയാണ്. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍നിര നേതാവായി കെ.സി വേണുഗോപാലും എത്തുന്നത്. കേരളത്തിന്റേത് ഉള്‍പ്പടെയുള്ള സംഘടന വിഷയങ്ങളില്‍ കെ.സി വേണുഗോപാല്‍ ഇനി നിര്‍ണായക ചുമതല വഹിക്കും. നിലവിലുള്ള കര്‍ണാടകത്തിന്റെ ചുമതലകള്‍ക്കൊപ്പം തന്നെയാണ് പുതുതായി ലഭിച്ച സംഘടന ചുമതലയും.
അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യന്ത്രിയായതോടെയാണ് വേണുഗോപാലിന് സംഘടനാ ചുമതലകൂടി നല്‍കിയത്. കര്‍ണാടക, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനത്തിനും രാഹുലിന്റെ വിശ്വസ്തന്‍ എന്ന നിലയിലുമുള്ള അംഗീകാരമാണ് ലഭിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ കോണ്‍ഗ്രസെടുക്കുന്ന തീരുമാനങ്ങളില്‍ വേണുഗോപാലിന്റെ നിലപാടുകളും നിര്‍ണായകമാകും.
കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും സര്‍ക്കാരിനെ നിലനിര്‍ത്താനും വേണുഗോപാല്‍ പ്രധാന പങ്കാണ് വഹിച്ചത്. ഈയിടെ എം.എല്‍.എമാരുടെ കൂറുമാറ്റ ഭീഷണി ഉണ്ടായപ്പോള്‍ കര്‍ണാടകയില്‍ പാഞ്ഞെത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹം തന്നെ.
പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ സന്തോഷത്തോടെ നിറവേറ്റുമെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ ഹൈക്കമാന്റിനോട് നന്ദിയുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

 

 

Latest News