ബിഷപ്പ് ഫ്രാങ്കോയക്കെതിരെ സമരം നടത്തിയ കന്യാസ്ത്രിമാരെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയുടെ നോട്ടീസ്. സഭാവസ്ത്രത്തിന് പകരം ചുരിദാര്‍ ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവം തെറ്റായി പോയിയെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അടുത്ത മാസം ആറിന് മുമ്പ് വിശദീകരണം നല്‍കണം. അല്ലാത്തപക്ഷം നടപടിയെടുക്കുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനെയും നോട്ടീസില്‍ വിമര്‍ശിക്കുന്നുണ്ട്.
നോട്ടീസില്‍ വിശദീകരണം നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. നിരവധി ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അതു കൊണ്ട് മറുപടി തയ്യാറാക്കുന്നതിന് സമയമെടുക്കും. വിശദീകരണം നല്‍കുന്നതിനുള്ള കത്ത് തയ്യാറാക്കുന്നുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
രണ്ടാമത്തെ വാണിങ് ലെറ്ററാണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സഭാ ചട്ടപ്രകാരം മൂന്ന് വാണിങ് ലെറ്റര്‍ ലഭിക്കുമെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്. കൂടുതല്‍ കുറ്റാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാണിങ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്. വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം ധരിക്കാതെ ചിത്രമിട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് ശരിയായില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ലെറ്ററിലുള്ളത്.
നേരത്തെ എഫ് സിസി സന്യാസ സമൂഹ അംഗമായ സിസ്റ്റര്‍ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം കാനോനിക നിയമനുസുരിച്ച് നടപടിയുണ്ടാകുമെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിയെ അറിയിച്ചിരുന്നു. പക്ഷേ മറുപടി നല്‍കാന്‍ സിസ്റ്റര്‍ ലൂസി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടിക്ക് സഭ ഒരുങ്ങുന്നത്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രിമാരെ പിന്തുണച്ചതിലൂടെ മാധ്യമ ശ്രദ്ധ കൈവന്ന സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ നല്‍കിയിരുന്നു. സഭാവസ്ത്രത്തിന് പകരം ചുരിദാര്‍ ധരിച്ചാണ് സിസ്റ്റര്‍ വനിതാ മതിലിനു പിന്തുണയുമായി രംഗത്തുവന്നത്. ഈ വിവരം സിസ്റ്റര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.