സൂപ്പർ ഹിറ്റുകളുടെ കാര്യത്തിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. നാലാം ചിത്രവും ഹിറ്റാവുമെന്ന സൂചന വന്നതോടെ മലയാളത്തിലെ ലക്കി നായികയാവുകയാണ് താരം.
നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ അരങ്ങേറ്റം. 100 ദിവസത്തോളം ഓടിയ ചിത്രമാണിത്.
ടോവിനോ നായകയായ മായാനദി ആയിരുന്നു രണ്ടാമത്തെ ചിത്രം. ചെയ്യാത്തിന്റെ കുറ്റത്തിന്റെ പേരിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന അപ്പുവിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ അപ്പുവിന്റെ കൂട്ടുകാരി അപർണയുടെ വേഷത്തിലെത്തിയ ഐശ്വര്യക്കും അത് വഴിത്തിരിവായി.
ഫഹദ് ഫാസിലിന്റെ നായികയായി വരത്തനിൽ കുറേക്കൂടി ശക്തമായ കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിച്ച പ്രിയ പോൾ. നായകനോളം പ്രാധാന്യമുള്ള കഥാപാത്രം. വരത്തനും തിയേറ്ററുകളിൽ 100 ദിവസത്തോളം പ്രദർശിപ്പിച്ചു. ഹാട്രിക് വിജയം ഐശ്വര്യ ആഘോഷിച്ചത് തന്റെ പുതിയ ചിത്രമായ അർജന്റീന ഫാൻസ് കാട്ടുർകടവിന്റെ സെറ്റിലാണ്. 'ഹാപ്പി ഹാട്രിക്ക് ടു മീ' എന്ന കുറിപ്പോടെ ആഘോഷത്തിന്റെ ചിത്രം ഐശ്വര്യ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസായി ഇടുകയും ചെയ്തു.
ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രം വിജയ് സൂപ്പറും പൗർണമിയും ക്ലിക്കാവുമെന്നാണ് വിവരം. ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് ഐശ്വര്യ എത്തുന്നത്. കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന വിജയ് സൂപ്പറും പൗർണമിയും 2019ലെ ആദ്യ ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. സൺഡേ ഹോളിഡേയ്ക്കു ശേഷം ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗർണമിയും.