പ്രായത്തെ വെല്ലുന്ന മെയ്‌വഴക്കവുമായി ഒടിയനിലെ ആക്ഷൻ രംഗത്തിൽ മോഹൻലാൽ അഭിനയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. മരത്തിനുമുകളിൽനിന്ന് താഴേക്ക് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹൻലാൽ തന്നെയാണ് ചെയ്തിരിക്കുന്നത്. വീഡിയോ ലാൽ ആരാധകരെ ആവേശഭരിതരാക്കി. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നും സൂപ്പർ മാനെന്നുമാണ് ആരാധകരുടെ കമന്റ്. ലാലേട്ടനുള്ളപ്പോൾ ഡ്യൂപ്പെന്തിനാ എന്നു ചോദിക്കുന്നവരുമുണ്ട്. സമർപ്പണം എന്ന ക്യാപ്ഷനോടെ ഹെയ്ൻ പങ്കുവെച്ച വീഡിയോ നിരവധി പേർ ഷെയർ ചെയ്തു.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ ആക്ഷൻ വീഡിയോയുടെ വരവ്. റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളിലാണ് ഒടിയൻ 100 കോടി ക്ലബ്ബിലെത്തിയത്.
അതിനിടെ, ഒടിയൻ മറ്റൊരു രൂപത്തിൽ എത്തുമെന്നും മോഹൻലാൽ ഫെയ്‌സ്ബുക്കിൽ അറിയിച്ചു. ശ്രീകുമാർ മേനോന്റേത് ഫീച്ചർ ഫിലിം ആയിരുന്നെങ്കിൽ പുതിയ ഒടിയൻ ഡോക്യുമെന്ററി ആണ്.
ഇരവിലും പകലിലും ഒടിയൻ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിൻ വാസുദേവ്. ടി അരുൺ കുമാറിന്റേതാണ് തിരക്കഥ.
'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യ ഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിർമ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവിൽ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഇരവിലും പകലിലും ഒടിയൻ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിൻ വാസുദേവ് ആണ്. ഉടൻ വരുന്നു...' മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.