ന്യൂദല്‍ഹി- ശബരിമല റിവ്യൂ ഹരജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം തീയതി നിശ്ചയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണ്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹരജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കാനിരുന്നതാണ്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ ഇതു മാറ്റുകയായിരുന്നു. ഹരജിക്കാരുടെ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കേസ് പരാമര്‍ശിച്ചപ്പോഴാണ് ജനുവരി 30 ന് ശേഷം തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ശബരിമല റിട്ട് ഹരജികള്‍ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചന സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു