ബാലതാരമായും അവതാരകയായും പിന്നീട് നായികയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി തിളങ്ങിയ താരമാണ് നടി മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തെന്നിന്ത്യയിലും താരമായിരുന്നിട്ടും വിവാദങ്ങളുടെ കുരുക്കില്‍ പെടാത്ത അപൂര്‍വം ചിലരില്‍ ഒരാള്‍ കൂടിയാണ് മഞ്ജിമ.
അതുകൊണ്ട് തന്നെ സിനിമാമേഖലയില്‍ കത്തി നിന്നിരുന്ന മീടു കാമ്പയിനെക്കുറിച്ചുള്ള മഞ്ജിമയുടെ അഭിപ്രായമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ചിലരുടെ ആരോപണങ്ങള്‍ വിശ്വസിക്കാനാവുന്നില്ലെന്നും എന്നാല്‍ എല്ലാം അങ്ങനെയല്ലെന്നും മഞ്ജിമ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്. ദേഷ്യവും സങ്കടവും കൊണ്ട് രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലെ തോന്നും. അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്. എനിക്ക് സിനിമയില്‍ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരും എന്നോട് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിട്ടുമില്ല.' മഞ്ജിമ പറയുന്നു.
ഇതാദ്യമായിട്ടാണ് മഞ്ജിമ മീടൂ മൂവ്‌മെന്റിനെ കുറിച്ച് പ്രതികരിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളി നായകനായി എത്തിയ മിഖായേലാണ് മഞ്ജിമയുടെ പുതിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന മഞ്ജിമയുടെ മറ്റൊരു ചിത്രം. ക്വീന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പാണ് സംസം. മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകന്‍.