കാലിഫോര്‍ണിയ- ലോക വ്യാപകമായി കൂട്ട മെസേജ് ഫോര്‍വേഡിങിന് കടിഞ്ഞാണിട്ട് വാട്‌സാപ്പ്. ഇനി അഞ്ച് പേര്‍ക്കു മാത്രമേ ഒരു സമയം ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ കഴിയൂ. ഇരുപതില്‍ നിന്നാണ് അഞ്ചാക്കി ചുരുക്കിയത്. ഇന്നു മുതല്‍ പുതിയ രീതി നിലവില്‍ വന്നതായി വാട്ട്‌സാപ്പ് അധികൃതര്‍ പറഞ്ഞു. വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയുകയെന്നതാണ് പുതിയ മാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് വാട്‌സാപ്പ് വൈസ് പ്രസിഡന്റ് വിക്ടോറിയ ഗ്രാന്‍ഡ് ജക്കാര്‍ത്തയില്‍ പറഞ്ഞു. ഇന്ത്യയില്‍ പുതിയ മാറ്റം കഴിഞ്ഞ ജൂലൈ മുതല്‍ നിലവില്‍ വന്നിരുന്നു. വ്യാജ വാര്‍ത്തകള്‍ വഴി സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് വാട്‌സാപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിന് ശേഷമായിരുന്നു മാറ്റം.