ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിപ്ലവം സൃഷ്ടിക്കുന്ന വർഷമായിരിക്കുമിത്. പാസഞ്ചർ കാർ വിപണിയിലായിരിക്കും ഇതു കൂടുതൽ പ്രതിഫലിക്കുക. ഈ വർഷം അഞ്ച് ഇലക്ട്രിക് കാറുകളെങ്കിലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലിറങ്ങുന്ന എല്ലാ കാറുകളും ഇലക്ട്രിക് എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും.
ഇന്ത്യൻ കമ്പനികളായ മഹീന്ദ്രയും ടാറ്റയുമാണ് ഈ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം മറ്റു പ്രശസ്ത കമ്പനികളും ഉണ്ട്. ഇലക്ട്രിക് കാറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടെ രാജ്യത്ത് ഈ മേഖലയിൽ വൻ കുതിച്ചുചാട്ടം തന്നെയുണ്ടാകും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പൊതുഗതാഗത മേഖലയിൽ ഇലക്ട്രിക് ബസുകളെ ആശ്രയിക്കാൻ തുടങ്ങി. ഇത് കൂടുതൽ വ്യാപകമാകുന്ന വർഷം കൂടിയാവും ഇത്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര നിലവിൽ ഇ20 പ്ലസ്, ഇവെരീറ്റോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാർ മോഡലുകളാണ് വിപണിയിലിറക്കുന്നത്. ജൂണോടുകൂടി ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2020ഓടെ ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി 300 വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നത്. ചക്കാനിലുള്ള മഹീന്ദ്രയുടെ പ്ലാന്റിൽനിന്നുമായിരിക്കും ഇതു പുറത്തിറങ്ങുന്നത്. ഉൽപാദനശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ചക്കാൻ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്ലാന്റുകൾ വിപുലീകരിക്കുന്നതിനായി 500 കോടി രൂപ വരും മാസങ്ങളിൽ കമ്പനി ചെലവഴിക്കുന്നുണ്ട്.
നിരവധി ഇലക്ട്രിക് കാർ മോഡലുകൾ വിപണിയിലിറക്കാൻ ലക്ഷ്യമിടുന്ന ടാറ്റയുടെ തുടക്കം ടാറ്റ ടിഗോർ ഇലക്ട്രിക്കിലൂടെയായിരിക്കും. 2018 ഓട്ടോ എക്‌സ്‌പോയിൽ ഈ മോഡൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ ടിയാഗോ ഇലക്ട്രക്കും വിപണിയിലെത്തിക്കും. ഒറ്റ ചാർജിംഗിൽ 140 കിലോമീറ്റർ വരെ ഓടാൻ ഇവക്കു ശേഷിയുണ്ടാകും.
ലോകത്ത് വൻ ഡിമാന്റുള്ള ഇലക്ട്രിക് കാറുകളിലൊന്നായ നിസാൻ ലീഫ് ഈ വർഷം ഇന്ത്യയിലെത്തും. 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയോടെയായിരിക്കും ഇത് വിപണിയിലെത്തുക. ഒറ്റ ചാർജിംഗിൽ 350 കിലോമീറ്റർ വരെ ഓടാൻ ഇവക്കു കഴിയും. 40 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ഇതിനുണ്ടാകും.
ഹ്യുണ്ടായിയുടെ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ കോന ഇലക്ട്രിക് ഈ വർഷം മധ്യത്തോടെ പുറത്തിറങ്ങും. ചെന്നൈ പ്ലാന്റിലായിരിക്കും ഉൽപാദനം. ആദ്യം ഇന്ത്യയിലെ 10 മെട്രോ നഗരങ്ങളിൽ മാത്രമായിരിക്കും വിൽപന.
ആഡംബര ഇലക്ട്രിക് എസ്.യു.വി ആയ ഔഡി ഇട്രോണും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും. 90 കിലോവാട്ട് ബാറ്ററിയായിരിക്കും ഇതിനുണ്ടാവുക. ഇതുവഴി ഫുൾ ചാർജിംഗിൽ 400 കിലോമീറ്റർ വരെ ഓടാൻ സാധിച്ചേക്കും. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.5 സെക്കൻഡുകൾ മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.