അഹമ്മദാബാദ്- ഗുജറാത്തിലെ വഡോദരയില്‍ മുപ്പത്തഞ്ചുകാരന്‍ ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊന്നശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മക്കളെ വെട്ടി പരിക്കേല്‍പിക്കുകയും ചെയ്തു. ബല്‍വന്ദ് റായ്പാല്‍ സിംഗ് സിന്ധ എന്നയാളാണു ഭാര്യയെയും മക്കളെയും ക്രൂരമായി ആക്രമിച്ചത്.
അച്ഛന്‍ അമ്മയെ കോടാലികൊണ്ടു വെട്ടുന്നതു കണ്ട് രക്ഷിക്കാന്‍ ചെന്നപ്പോഴാണു മക്കള്‍ക്കും പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബല്‍വന്ദ് റായ്പാല്‍ സിംഗിന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ സര്‍ സയാജിറാവു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പിന്നീട് കര്‍ജന്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫോണിലെ സിം കാര്‍ഡ്, ടാറ്റൂ, ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഉപയോഗിച്ച സൈക്കിള്‍ എന്നിവ പരിശോധിച്ചാണു മൃതദേഹം ബല്‍വന്ദിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുന്നതു സ്ഥിരം സംഭവമായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞു.