ഡബ്ലിന്‍- കടുത്ത പുറം വേദനയ്ക്ക് അസാധാരണവും അശാസ്ത്രീയവുമായി സ്വയം ചികിത്സ നടത്തിയ ഐറിഷ് യുവാവിന് പണികിട്ടി. വിട്ടുമാറാത്ത പുറം വേദനയ്ക്ക് 33-കാരനായ ഐറിഷ് യുവാവ് സ്വന്തം ശുക്ലം മാസത്തില്‍ ഒരു തവണ എന്ന തോതില്‍ ഒന്നര വര്‍ഷത്തോളമാണ് ശരീരത്തിലേക്ക് സ്വയം കുത്തിവെച്ചത്. ഒടുവില്‍ പുറംവേദനയ്ക്കു പുറമെ കുത്തിവെപ്പെടുത്ത കയ്യും വീര്‍ത്ത് കരുവാളിച്ച നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഡബ്ലിനിലെ തല്ലഗ്റ്റ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് യുവാവ് എത്തിയത്. കയ്യിലെ വീക്കവും കടുത്ത പുറംവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കഥ ഈ മാസം പ്രസിദ്ധീകരിച്ച ഒരു ഐറിഷ് മെഡിക്കല്‍ ജേണലിലാണ് ഡോക്ടര്‍മാര്‍ റിപോര്‍ട്ട് ചെയതത്.
ലോകത്ത് ആദ്യമായാണ് സ്വന്തം ശുക്ലം ശരീരത്തിലേക്ക് കുത്തിവച്ച് ചികിത്സ നടത്തിയായി കേള്‍ക്കുന്നതെന്നും ഇതിനു ശാസ്ത്രീയ പിന്‍ബലമോ ഫലമോ ഇല്ലെന്നും റിപോര്‍ട്ടില്‍ അടിവരയിടുന്നു. ഡോക്ടര്‍മാരുടേയും വൈദ്യശാസ്ത്ര വിദഗ്ധരുടെയോ നിര്‍ദേശം ലഭിക്കാതെയാണ് യുവാവ് ഇത്തരമൊരു അസാധാരണ ചികിത്സയ്ക്കു മുതിര്‍ന്നത്. ഇതിനായി സൂചിയും മറ്റും ഓണ്‍ലൈനായി വാങ്ങി. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ശുക്ലം പുറത്തെടുത്ത് രക്തധമനികളിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. ഒരു ഫലവും ചെയതില്ലെങ്കിലും യുവാവ് ഇതു തുടര്‍ന്നു. ഒടുവില്‍ പുറം വേദന അസഹനീയമായതോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. നിരന്തരം ശുക്ലം കുത്തിവച്ചതിനെ തുടര്‍ന്ന് വലതു കൈയില്‍ വീക്കവും കരുവാളിപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുത്തിവച്ച ശുക്ലം കയ്യിലെ മൃദു കലകളിലേക്കും ചോര്‍ന്നതായി കണ്ടെത്തി. വായു സാന്നിധ്യവുണ്ടായിരുന്നു. ഇതാണു വീക്കത്തിനു കാരണമായത്. ശരിയായ ചികിത്സയിലൂടെ യുവാവ് സുഖം പ്രാപിച്ചതായും ഡോകടര്‍മാര്‍ പറയുന്നു. ഇത്തരം ചികിത്സകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.