Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ചികിത്സയിലുള്ള ധനമന്ത്രി ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കാന്‍ തിരിച്ചെത്തിയേക്കും

ന്യുദല്‍ഹി- അമേരിക്കയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു കഴിഞ്ഞേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബജറ്റ് അവതരണത്തിനായി അദ്ദേഹം തിരിച്ചെത്തുമെന്ന് റിപോര്‍ട്ട്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ ജെയ്റ്റ്‌ലി എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ജെയ്റ്റ്‌ലി പതിവു വൈദ്യ പരിശോധനയ്ക്കായാണു യുഎസിലേക്കു പോയെന്നതാണ് ഔദ്യോഗിക വിശദീകരണം. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ പെട്ടെന്നുളള ജെയ്റ്റിലിയുടെ യാത്ര ബജറ്റ് അവതരണത്തെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പൊതു തെരഞ്ഞെടുപ്പിനു  മുമ്പുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന പതിവു തെറ്റിച്ച് ഇത്തവണ പൂര്‍ണ ബജറ്റായിരിക്കുംക കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക എന്നും റിപോര്‍ട്ടുണ്ട്. 

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കര്‍ഷകര്‍ക്ക് പ്രതീക്ഷയ്ക്കു വകനല്‍കുന്ന വന്‍ പ്രഖ്യാപനങ്ങളാണ് വരാനിരിക്കുന്നതെന്നും റിപോര്‍ട്ടുകളുണ്ട്. കര്‍ഷകരേയും മധ്യവര്‍ഗത്തേയും കൂടെ നിര്‍ത്താനുള്ള സോപ്പിടല്‍ തന്ത്രങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാകുകയെന്നാണ് റിപോര്‍ട്ടുകള്‍. കര്‍ഷകരുടെ കയ്യില്‍ നേരിട്ട് പണമെത്തിക്കുന്ന ഡയറക്ട് ട്രാന്‍സ്ഫര്‍ പദ്ധതിയും ആദായ നികുതി പരിധി വെട്ടിക്കുറക്കുമെന്ന പ്രതീക്ഷയുമാണ് പുതിയ ബജറ്റിനെ സംബന്ധിച്ച് ഉയര്‍ന്നു കേള്‍ക്കുന്നത്.

ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണം നടക്കും. ഇക്കാലയളവില്‍ 10 തവണ സഭചേരും. ബജറ്റ് അവതരണത്തോടൊപ്പം ഏതാനും സുപ്രധാന ബില്ലുകളും പടിയിറങ്ങുന്നതിനു മുമ്പ് പാസാക്കിയെടുക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.
 

Latest News