ലോകമെമ്പാടും മീ ടു കാമ്പയിനിലൂടെ നിരവധി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബ്രിട്ടനില്‍ ക്രൈം കമ്മീഷണര്‍ തന്നെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. യോര്‍ക്ക് ഷെയര്‍ ഫയര്‍-പോലീസ് ക്രൈം കമ്മീഷണര്‍ ജൂലിയ മുല്ലിഗന്‍ ആണ് താന്‍ പതിനഞ്ചാം വയസില്‍ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന്റെ പേരില്‍ പോലീസിനെ അന്ന് സമീപിച്ചില്ലെന്നും 51 കാരിയായ മുല്ലിഗന്‍ പറഞ്ഞു. ഇരകള്‍ക്കു പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ആ സംഭവത്തിന്റെ പേരില്‍ താന്‍ ഒറ്റപ്പെടല്‍ അഭിമുഖീകരിക്കേണ്ടിവന്നെന്നും മുല്ലിഗന്‍ പറഞ്ഞു. 36 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ചു കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടോ പറയാനായില്ല. കഴിഞ്ഞ മാസം മാത്രമാണ് അവരോടൊക്കെ ഇക്കാര്യം പറയുന്നത്. എങ്കിലും തനിക്കു അതിന്റെ ആഘാതം തരണം ചെയ്യാനായെന്നു മുല്ലിഗന്‍ വ്യക്തമാക്കി. 'ദി യോര്‍ക്ക് ഷെയര്‍ പോസ്റ്റിലെ ലേഖനത്തിലാണ് മുല്ലിഗന്‍ താന്‍ കടന്നുവന്ന കറുത്ത ദിനങ്ങളെക്കുറിച്ചു പറയുന്നത്.
ചൂഷണങ്ങള്‍ക്കു ഇരയാക്കപ്പെട്ട കുട്ടികളുമായി താന്‍ സംസാരിക്കാറുണ്ടെന്നും അവര്‍ക്കു വേണ്ട ധൈര്യം കൊടുക്കാറുണ്ടെന്നും മുല്ലിഗന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. രണ്ടു മക്കളുടെ അമ്മ കൂടിയായ മുല്ലിഗന്‍ 2012 ലാണ് യോര്‍ക്ക് ഷെയര്‍ പോലീസ് ക്രൈം കമ്മീഷണര്‍ ആയി ചുമതലയേറ്റത്.