കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ നിയമവുമായി ബ്രിട്ടനിലെ ആദ്യ പ്രദേശമായി ജഴ്‌സി. ബ്രിട്ടീഷ് ദ്വീപുകളിലൊന്നായ ജഴ്‌സിയാണ് കുട്ടികളെ തല്ലുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഭേദഗതി പാസാക്കിയത്. ഇതോടെ കുട്ടികളെ തല്ലുന്നത് നിരോധിച്ച മറ്റു 53 രാജ്യങ്ങള്‍ക്കൊപ്പം ഈ ബ്രിട്ടീഷ് ദ്വീപും എത്തി. ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡും വെയില്‍സും കുട്ടികളെ തല്ലുന്നത് നിരോധിക്കും.
എന്നാല്‍ ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഇതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
കുട്ടികളെ തല്ലുന്നത് നിയമം മൂലം നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ നിലവിലുള്ള നിയമം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് മാതാപിതാക്കളെ മനസിലാക്കുന്ന വിധത്തില്‍ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. ഏതായാലും നിയമം മാറിയത് അറിയാതെ കുട്ടികളെ തല്ലുന്നത് ഒഴിവാക്കാന്‍ ബോധവത്കരണ ക്യാംപെയിനുമായി മുന്നോട്ടു പോവുകയാണ് ജഴ്‌സി. യുകെയില്‍ നിലവിലുള്ള നിയമത്തില്‍ മുറിവുകളും പോറലുകളും ചതവുകളും ഉണ്ടാകുന്ന വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്.