ന്യൂയോർക്ക്- സൗത്ത് കൊറിയൻ ഇലക്‌ട്രോണിക്‌സ് പ്രധാനിയായ എൽ.ജി.ഇലക്ട്രോണിക്‌സ് സെക്കൻഡ് സ്‌ക്രീൻ ഓപ്ഷനോടു കൂടിയുള്ള പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് വരെ പേര് നിശ്ചയിച്ചിട്ടില്ലാത്ത ഫോണിന്റെ കൂടെ കെയ്‌സിൽ മറ്റൊരു സ്‌ക്രീൻ കൂടി നൽകാനാണ് പദ്ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫോണിന്റെ ഇരട്ടി വലിപ്പത്തിൽ ഡിസ്‌പ്ലേ സാധ്യമാക്കാൻ ഇതിന് കഴിയുമെന്നാണ് വിലയിരുത്തൽ. എതിരാളിയായ സാംസങിനെ പോലെ മടക്കാനാവുന്ന സ്മാർട്ട് ഫോൺ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സെക്കൻഡ് സ്‌ക്രീൻ ഓപ്ഷൻ സവിശേഷവും ഏറെ പുതുമയുള്ളതായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള സ്മാർട്ട് ഫോൺ മാർക്കറ്റിൽ കടുത്ത മത്സരമാണ് എൽ.ജി. നേരിടുന്നത്.