Sorry, you need to enable JavaScript to visit this website.

മദ്യപന്‍ ദമ്പതികളെ കുത്തിക്കൊന്നു; ഇടപെടാതെ അയല്‍ക്കാര്‍ ദൃശ്യം പകര്‍ത്തി-video

ന്യൂദല്‍ഹി- നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ അയല്‍വാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തുന്നത് മറ്റുള്ളവര്‍ നോക്കിനിന്നുവെന്ന് ആക്ഷേപം. അയല്‍ക്കാര്‍ ആക്രമണം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഖയാലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീരു (41), സുനിത (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ 20 വയസ്സായ മകന്‍ ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികളെ കുത്തിക്കൊന്ന പ്രതി മുഹമ്മദ് ആസാദ് ഒളിവിലാണെന്ന് ദല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു.

യുവതി സംഭവ സ്ഥലത്തും ഭര്‍ത്താവ് ആശുപത്രിയിലുമാണ് മരിച്ചത്.
നാലു ദിവസം മുമ്പ് സുനിതയുടെ മകളുടെ വാട്ടര്‍ ബോട്ടില്‍ പ്രതിയുടെ തലയില്‍ വീണതാണ് തര്‍ക്കത്തിനു കാരണം. ടെറസില്‍നിന്നാണ് ബോട്ടില്‍ പ്രതിയുടെ തലയില്‍ വീണത്. അയല്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ബുധനാഴ്ച മാര്‍ക്കറ്റില്‍നിന്ന് മടങ്ങി വരികയായിരുന്ന സുനിതയെ ആസാദ് തടഞ്ഞുവെക്കുകയായിരുന്നു.
മദ്യപിച്ചെത്തിയ പ്രതിയുടെ കൈയില്‍ കത്തിയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുനിതയെ തടഞ്ഞത് ചോദിക്കാനെത്തിയപ്പോഴാണ് ഭര്‍ത്താവിനും മകനും കുത്തേറ്റത്. പ്രതിയെ കണ്ടെത്താന്‍  അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News