ന്യൂദല്‍ഹി- മേഘാലയയിലെ മേഘാലയയിലെ ഈസ്റ്റ് ജയന്‍ഷ്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചിലില്‍ ഒരു മാസത്തിന് ശേശം വഴിത്തിരിവ്. തൊഴിലാളികളിലൊരാളുടെ മൃതദേഹം നാവികസേനയിലെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.210 അടി താഴ്ച്ചയിലാണ് മൃതദേഹം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.
മൃതദേഹം ഖനിയുടെ പുറത്തെത്തിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു എന്ന് നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം 13 നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. നേരത്തെ, തൊഴിലാളികളെ പുറത്തെടുക്കാനുളള ശ്രമങ്ങള്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിമര്‍ശനം നേരിട്ടിരുന്നു . രക്ഷാ പ്രവര്‍ത്തനങ്ങള്‍ മൂന്നാഴ്ച്ച പിന്നിട്ടിട്ടും എന്ത് കൊണ്ട് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുന്നില്ല എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.
'നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ കോടതി തൃപ്തരല്ല. അവര്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവരെ പുറത്തെടുക്കണം. അവര്‍ ജീവിച്ചിരിക്കണേ എന്നാണ് കോടതിയുടെ പ്രാര്‍ത്ഥന,' സുപ്രീം കോടതി പറഞ്ഞു.
നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. നാവികസേനയിലെ 15 മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തകർക്കൊപ്പം ചേര്‍ന്നിരുന്നു. 10 ഹൈപവർ മോട്ടോർ പമ്പുകളും ഖനിയിലെത്തി.