ന്യൂയോർക്ക്- അമേരിക്കയിൽ എച്ച് വൺ ബി വിസയുള്ള ഇന്ത്യക്കാർ കുറഞ്ഞ വേതനങ്ങളിൽ മോശം സാഹചര്യങ്ങളിൽ അടിക്കടി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് അമേരിക്കയിലെ വിദഗ്ദ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ശമ്പളത്തിലുള്ള വർധനവാണ് സംഘം നിർദേശിക്കുന്ന പ്രധാന ആവശ്യം.
അമേരിക്കയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനും എച്ച് വൺ ബി വിസക്കാർക്ക് നിയന്ത്രണം നൽകുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രമ്പിന്റെ പ്രസ്താവനയെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഹൊവാഡ് സർവകലാശാല മേധാവി റോൺ ഹിറ, സൗത്ത് ഏഷ്യ സെന്റർ ഓഫ് അറ്റ്‌ലാന്റിക് കൗൺസിൽ ഭരത് ഗോസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
എച്ച് വൺ ബി വിസയുള്ള ജോലിക്കാർ പലപ്പോഴും അവഹേളനങ്ങൾക്ക് വിധേയരാകാറുണ്ടെന്നും മോശമായ ജോലി സാഹചര്യങ്ങൾ അടിക്കടി നേരിടേണ്ടി വരുന്നുവെന്നും മാത്രമല്ല, ചെയ്യുന്ന ജോലിയേക്കാൾ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ട് വിശദമാക്കുന്നു. ഒന്നാമതായി, എച്ച് വൺ ബി വിസക്കാർക്കുള്ള വേതനം വർധിപ്പിക്കുകയാണ് ആവശ്യം. രണ്ടാമതായി, കുറഞ്ഞ വേതനം ലക്ഷ്യമിട്ട് കൂടുതൽ എച്ച് വൺ ബി വിസക്കാരെ റിക്രൂട്ട് ചെയ്യുന്ന സംവിധാനം നിർത്തുക, പകരം, യോഗ്യതയുള്ള പൗരന്മാർക്ക് തന്നെ മുൻഗണന നൽകുക. മൂന്നാമതായി ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു നിർവഹണ സമിതിയെ ഏല്പിക്കുക എന്നീ മൂന്നു പരിഹാര മാർഗങ്ങളാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്.