മുംബൈ- വിമാനത്താവളങ്ങളിലെ ബോര്‍ഡിങ് പാസ് സ്റ്റാമ്പിങ് എന്ന മുഷിപ്പിക്കുന്ന പതിവ് ഇനി മുംബൈ എയര്‍പോര്‍ട്ടിലെത്തുന്ന ആഭ്യന്തര യാത്രക്കാര്‍ക്ക് നേരിടേണ്ടി വരില്ല. ടെര്‍മിനല്‍ 2-ലെത്തുന്ന ആഭയന്തര യാത്രക്കാര്‍ക്ക് ഇനി അനായാസം വിമാനത്തില്‍ കയറാം. ഇതോടെ സര്‍ക്കാരിന്റെ ഡിജി യാത്രാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി ബോര്‍ഡിങ് പാസ് ഒഴിവാക്കുന്ന വിമാനത്താവളമായി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ടെര്‍മിനല്‍ 2-ല്‍ എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണിലെ ബോര്‍ഡിങ് പാസ് ക്യൂ ആര് കോഡ് സെക്യൂരിറ്റി ചെക്കിങ് പോയിന്റിലെ ഇ-ഗേറ്റ് റീഡറില്‍ സ്വയം സ്കാന്‍ ചെയ്ത് അകത്ത് പ്രവേശിക്കാം. ലൈവ് പാസഞ്ചര്‍ ഡാറ്റാസെറ്റ് ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതു നടപ്പിലാകുന്നതോടെ ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യുന്ന സുരക്ഷാ ജീവനക്കാരുടെ ജോലിഭാരം കുറയുകയും യാത്രക്കാര്‍ക്ക് സമയം ലാഭിക്കുകയും ചെയ്യാം. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെ അനുഭവം കൂടുതല്‍ ഹൃദ്യമാകുകയും ചെയ്യും.
ഈ സംവിധാനം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാരുടെ കാത്തിരിപ്പു സമയത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്ക് സ്വയം ഉപയോഗിക്കാവുന്ന ചെക്ക് ഇന്‍ കിയോസ്ക്കുകളും ചെക്ക്-ഇന്‍ സംവിധാനങ്ങളും ബോര്‍ഡിങ് പാസും ബാഗേജ് ടാഗുകളും സ്വമേധയാ ജനറേറ്റ് ചെയ്യുന്ന യന്ത്രങ്ങളും മുംബൈ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാര്‍ക്കായി ഈ സംവിധാനം വൈകാതെ ലഭ്യമാക്കും. അന്താരാഷട്ര യാത്രക്കാര്‍ക്കും ഭാവിയില്‍ ഈ സൗകര്യമൊരുക്കാന്‍ പദ്ധതിയുണ്ട്.
Relate Link
ഡിജി യാത്രാ- ബോര്‍ഡിങ് പാസ് ഇല്ലാതെ യാത്ര എങ്ങനെ? അറിയേണ്ടതെല്ലാം