വ്യവസായിക മേഖലയിൽ നിന്നുള്ള പ്രതികൂല വാർത്തകളെ മറികടന്ന് ഇന്ത്യൻ ഓഹരി സൂചിക പ്രതിവാര നേട്ടം കൈവരിച്ചു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന് തുടങ്ങിയത് മുൻനിർത്തി വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ ഏതവസരത്തിലും നീക്കം നടത്താം. ഇത് വിനിമയ വിപണിയിൽ രൂപക്ക് മേൽ സമ്മർദമുളവാക്കാം. ബോംബെ സെൻസെക്‌സ് 314 പോയൻറും നിഫ്റ്റി 67 പോയൻറും മുന്നേറി.
നവംബറിലെ വ്യാവസായിക വളർച്ച പതിനേഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത് സാമ്പത്തിക മേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇതിനിടയിൽ കോർപറേറ്റ് മേഖല പുറത്തു വിട്ട ത്രൈമാസ റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയതും നിക്ഷേപകരെ നിരാശപ്പടുത്തി. സ്വകാര്യ ബാങ്കുകളുടെയും ഐ.ടി കമ്പനികളുടെയും റിസൾട്ടിന് തിളക്കം കുറവായിരുന്നു.
നിഫ്റ്റി താഴ്ന്ന റേഞ്ചായ 10,750 ൽനിന്ന് 10,870 വരെ ഉയർന്നെങ്കിലും മുൻവാരം വ്യക്തമാക്കിയിരുന്ന 10,885 ലെ പ്രതിരോധം മറികടക്കാനായില്ല. ഇതോടെ ഓപറേറ്റർമാർ പ്രോഫിറ്റ് ബുക്കിങിന് ഉത്സാഹിച്ചതോടെ വാരാന്ത്യം സൂചിക 10,794 ലേയ്ക്ക് താഴ്ന്നു. ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിക്ക് 10,600 ൽ ശക്തമായ താങ്ങ് നിലവിലുണ്ട്. ഈ വാരം 10,859 ലേക്ക് ഉയരാനാവും ആദ്യ ശ്രമം. ഈ കുതിപ്പിൽ തടസ്സം മറികടന്നാൽ 10,924 നെ ലക്ഷ്യമാക്കി മുന്നേറാം. തേഡ് റെസിസ്റ്റൻസ് 11,044 ലാണ്. അതേ സമയം ആദ്യ പ്രതിരോധത്തിലേക്ക് ഉയരാനായില്ലെങ്കിൽ സൂചിക 10,739 - 10,684 റേഞ്ചിലേക്ക് പരീക്ഷണം നടത്താം. വിൽപന തരംഗം ഉടലെടുത്താൽ 10,564 പോയൻറ്റിൽ താങ്ങുണ്ട്. 50, 200 ഡി എം ഏ ക്ക് മുകളിൽ സൂചിക നീങ്ങുന്നത് ബുൾ ഓപറേറ്റർമാർക്ക് പ്രതീക്ഷ പകരുന്നു.
ബോംബെ സെൻസെക്‌സ് വാരാന്ത്യം 36,009 പോയൻറിലാണ്. വാരാരംഭത്തിലെ 35,760 ൽ നിന്ന് ബി എസ് ഇ 36,232 വരെ മുന്നേറി. ഈ വാരം 36,239 ൽ തടസ്സം നിലവിലുണ്ട്. ഇത് മറികടന്നാൽ 36,47036,939 നെ ലക്ഷ്യമാക്കി സെൻസെക്‌സ് മുന്നേറാം. ഫണ്ടുകൾ വിൽപന സമ്മർദത്തിന് നീക്കം നടത്തിയാൽ 35,770 - 35,532 ൽ താങ്ങുണ്ട്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ പോയവാരം ഏകദേശം 500 കോടി രൂപയുടെ ഓഹരികൾ വിൽപന നടത്തി. പിന്നിട്ട ഒമ്പത് ട്രേഡിങ് ദിനങ്ങളിലായി അവർ ഇന്ത്യയിൽ 3600 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 1100 കോടി രൂപയുടെ ഓഹരികൾ പോയവാരം വാങ്ങി.
ഫോറെക്‌സ് മാർക്കറ്റിൽ വാരാരംഭത്തിൽ 69.51 ൽ നിലകൊണ്ട രൂപക്ക് 70.60 ൽ തടസ്സം നേരിടുമെന്ന് മുൻവാരം വ്യക്തമാക്കിയിരുന്നു. രൂപയുടെ വിനിമയ മൂല്യം വാരമധ്യം 70.61 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 70.38 ലാണ്. ഈ വാരം വിനിമയ നിരക്ക് 69.4370.46 റേഞ്ചിൽ കയറി ഇറങ്ങാം.
രാജ്യത്തെ മുൻനിരയിലെ പത്ത് കമ്പനികളിൽ അഞ്ച് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 43,689.89 കോടി രൂപയുടെ വർധന. ഐടിസി, ഇൻഫോസിസ് എന്നിവയും മികച്ച നേട്ടം കൈവരിച്ചു. ഐടിസി, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് നേട്ടം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്.യു.എൽ, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
ഐടിസിയുടെ വിപണി മൂല്യം 17,941.73 കോടി രൂപ ഉയർന്നു. ഇൻഫോസിസ് 10,026.05 കോടി രൂപ വർധിച്ചു. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 8378.07 കോടി രൂപയും എസ്ബിഐയുടെ മൂല്യം 4506.92 കോടി രൂപയും വർധിച്ചു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 2837.12 കോടി രൂപ ഉയർന്നു.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഒപെക് ഉൽപാദനം ഒന്നാം തീയതി മുതൽ കുറച്ചത് വിപണി ചൂടുപിടിക്കാൻ കാരണമായി. ബാരലിന് 48.23 ഡോളറിൽ നിന്ന് എണ്ണ വില 51.59 ലേക്ക് ഉയർന്നു. 53.90 ഡോളറിലാണ് അടുത്ത പ്രതിരോധം.