അഡാർ ലൗ എന്ന ചിത്രത്തിൽ കണ്ണിറുക്കി ആരാധനാ പാത്രമായി മാറിയ മലയാളി സുന്ദരി പ്രിയാ പ്രകാശ് വാര്യരുടെ പുതിയ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ട്രെയ്‌ലർ റിലീസായി ഏതാനും മണിക്കൂറുകൾക്കകം തന്നെ സിനിമയ്‌ക്കെതിരെ വിമർശനവുമായി നടി ശ്രീദേവിയുടെ ആരാധകർ രംഗത്തെത്തി. ശ്രീദേവിയുടെ ജീവിത കഥയുമായി സാമ്യം തോന്നുന്ന രംഗങ്ങൾ ട്രെയിലറിൽ കാണിക്കുന്നു എന്നാണ് ആരോപണം. ഗ്ലാമറസ് ആയ രംഗങ്ങൾക്കു പുറമെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുന്ന രംഗവും ടീസറിൽ കാണിക്കുന്നുണ്ട്.
പത്ര സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രിയ പ്രതികരിച്ചില്ല. സിനിമ കാണുമ്പോൾ കാര്യങ്ങൾ മനസിലാകുമെന്നാണ് പ്രിയ അഭിപ്രായപെട്ടത്. മോഹൻലാൽ അഭിനയിച്ച 'ഭഗവാൻ' സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. തമിഴ് നടൻ പ്രഭുദേവയും സിനിമയിലുണ്ട്.