ബംഗളൂരു- കർണാടകയിലെ ജെ.ഡി.എസ്-കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ പറഞ്ഞു. മുംബൈയിലെ ഹോട്ടലിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം കോൺഗ്രസിന്റെ മൂന്ന് എം.എൽ.എമാരെ കണ്ടുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
കുതിരക്കച്ചവടത്തിനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഞങ്ങളുടെ മൂന്ന് എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം സമയം ചെലവിട്ടു എന്നത് ശരിയാണ്. അവർക്ക് എത്രയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത് എന്നറിയാൻ കാത്തിരിക്കുകയാണ്-ശിവകുമാർ പറഞ്ഞു. ബി.ജെ.പിയോട് മൃദുസമീപനമാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്വീകരിക്കുന്നതെന്നും ശിവകുമാർ ആരോപിച്ചു. കുമാരസ്വാമിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇരുപത്തിനാലു മണിക്കൂറിനകം ബി.ജെ.പിയെ തുറന്നുകാണിക്കുമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കാത്തിരുന്നു കാണുക എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.