സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ചിലരെങ്കിലും ഇരകളുമായിരിക്കാം. നമുക്കെന്ത് രഹസ്യമിരിക്കുന്നു, ചോര്‍ത്തുന്നെങ്കില്‍ ചോര്‍ത്തട്ടെയെന്ന് കരുതി സോഷ്യല്‍ മീഡിയയും മറ്റും അലസമായി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. അത്തരക്കാര്‍ക്ക് ഡിജിറ്റല്‍ ഡാറ്റയുടെ വില അറിയില്ല. നമ്മുടെ സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്തുന്നതുമുതല്‍ ആരംഭിക്കുന്നതാണ് സൈബര്‍ കുറ്റകൃത്യം.
വ്യക്തികളുടെ സ്വകാര്യ ഡാറ്റയുടെ വില ഡോളര്‍ കണക്കില്‍ വലുതല്ലെങ്കിലും ക്രിമിനലുകളുടെ കൈയില്‍ അത് മികച്ച ആസ്തിയാകുമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കൈ ലാബ് നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍നിന്നും ഗെയിമിംഗ് സൈറ്റുകളില്‍നിന്നും ചോര്‍ത്തുന്ന വ്യക്തി വിവരങ്ങള്‍ക്ക് സൈബര്‍ ക്രിമിനലുകള്‍ക്കിടയില്‍ വന്‍ ഡിമാന്റാണ് ഉള്ളതെന്ന് പഠനം പറയുന്നു.
നമ്മുടെയൊക്കെ ഡാറ്റക്ക് എന്തുവിലയെന്നു ചോദിച്ചുകൊണ്ടുള്ള ഉപയോക്താക്കളുടെ അലസത കള്ളന്മാര്‍ക്ക് ഡാറ്റ ചോര്‍ത്താനും അത് ഉപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും സൗകര്യമേകുന്നു.
സുരക്ഷ ലാഘവമായി കരുതുന്നവരുടെ ചോര്‍ത്തപ്പെടുന്ന ഡാറ്റകള്‍ക്ക് മറിച്ചുവില്‍പനയില്‍ വലിയ വിലയില്ലെങ്കിലും അത് പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. പണവും അഭിമാനവും നഷ്ടമാകുക, ആരെങ്കിലും കൈക്കലാക്കിയ വായ്പ സ്വന്തം ചുമലില്‍വന്നുചേരുക, നമ്മുടെ വ്യക്തിവിവരങ്ങള്‍ മറയാക്കി മറ്റൊരാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങി വ്യക്തികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് ഈ ഡാറ്റ ഉപയോഗിക്കപ്പെടാം.
ഒരാളുടെ ഡിജിറ്റല്‍ ജീവതം 50 ഡോളറില്‍ താഴെ വിലക്കും വില്‍ക്കപ്പെടുന്നുണ്ടെന്ന് കാസ്പര്‍സ്‌കൈ ലാബ് ഇരുണ്ട വെബ് മാര്‍ക്കറ്റില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യക്തികളുടെ ഡാറ്റക്ക് എത്ര വിലയുണ്ടെന്നും അത് എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നുവെന്നും കണ്ടെത്താനായിരുന്നു അന്വേഷണം.
സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍, ബാങ്കിംഗ് വിശദാംശങ്ങള്‍, സെര്‍വറുകളിലും ഡെസ്‌കോപ്പുകളിലുമുള്ള റിമോട്ട് ആക്‌സസ്, ഊബര്‍, നെറ്റ്ഫഌക്‌സ്, സ്‌പോട്ടിഫൈ, ഗെയിമിംഗ്, ഡേറ്റിംഗ് ആപ്പ്, അശ്ലീല വെബ്‌സൈറ്റ് ഉപയോഗം തുടങ്ങിയ എല്ലാ വ്യക്തിഗത ഡാറ്റകള്‍ക്കും ഡിമാന്റുണ്ട്.
ഹാക്ക് ചെയ്യപ്പെടുന്ന ഒരു അക്കൗണ്ടിന് ഒരു ഡോളറില്‍ താഴെ മാത്രമേ വില ലഭിക്കുന്നുള്ളൂവെന്നും മൊത്തമായി വാങ്ങുമ്പോള്‍ ക്രിമിനലുകള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
വെബുമായി ബന്ധപ്പെട്ട സുരക്ഷാ പിഴവുകള്‍ മുതലെടുത്താണ് പലപ്പോഴും വ്യക്തികളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കാറുള്ളത്. ഒരു ആക്രമണം വിജയിച്ചാല്‍ ഇമെയിലുകളും പാസ് വേഡുകളുമടക്കമുള്ള വിവരങ്ങള്‍ ഹാക്കറുടെ കൈയിലെത്തും. നമ്മളില്‍ പലരും ഒരേ പാസ് വേഡാണ് പല അക്കൗണ്ടുകള്‍ക്കും ഉപയോഗിക്കുന്നത്. ഇത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
ചില ക്രിമിനലുകള്‍ ആജീവനാന്ത വാറണ്ടി വാഗ്ദാനം ചെയ്താണ് ഡാറ്റകള്‍ വില്‍ക്കുന്നത്. ഏതെങ്കിലും അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാല്‍ പുതിയ അക്കൗണ്ട് സൗജന്യമായി ലഭിക്കുമെന്നര്‍ഥം.
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക മാത്രമാണ് ഡിജിറ്റല്‍ കള്ളന്മാരില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.
- നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്കുകള്‍ പരിശോധിച്ച ശേഷം മാത്രം ക്ലിക്ക് ചെയ്യു ക. അയച്ചയാളുടെ ഇ-മെയില്‍ വിലാസം കൃത്യമാണോ എന്നും പരിശോധി ക്കണം. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന ഫിഷിംഗ് സൈറ്റിലേക്കാണോ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന സുരക്ഷാ ടൂളുകള്‍ ലഭ്യമാണ്.
- ഒരു ചോര്‍ച്ച എല്ലാത്തിനേയും ബാധിക്കാതിരിക്കാന്‍ ഒരേ പാസ് വേഡ് പല വെബ്‌സൈറ്റുകള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാതിരിക്കുക. ശക്തമായ പാസ് വേഡ് ഉണ്ടാക്കണം. ഇവ ഓര്‍മിക്കാന്‍ എളുപ്പമല്ലെങ്കില്‍ ലഭ്യമായ പാസ് വേഡ് മാനേജര്‍ സംവിധാനം ഉപയോഗിക്കാം.
-നിങ്ങളുടെ ഡാറ്റ ആരുടെയൊക്കെ പക്കലുണ്ടെന്ന് പരിശോധിക്കാന്‍ സാധിക്കുന്ന പ്രൈവസി ഓഡിറ്റ് സേവനങ്ങളും ലഭ്യമാണ്.