ജിദ്ദ: ആഡംബരത്തിന്റെ മേളയായിരുന്നു സൗദി അറേബ്യയിലെ വിവാഹങ്ങള്‍. ക്ഷണിയ്ക്കപ്പെടേണ്ട അതിഥികളുടെ നീണ്ട പട്ടിക. വിഭവ സമൃദ്ധമായ ഡിന്നര്‍. പരമ്പരാഗത നൃത്തം, രാജകീയ പ്രൗഡി വിളിച്ചോതുന്ന വിവാഹ മണ്ഡപങ്ങള്‍-ഇവയത്രയും കല്യാണങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവാത്തതായിരുന്നു. എത്രയും പേരെ വിളിക്കുന്നുവോ അതനുസരിച്ച് അന്തസ് ഉയരുന്നുവെന്നായിരുന്നു സങ്കല്‍പം. ഇതെല്ലാം മാറുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ഹാളിന്റെ വാടകയും കാറ്ററിംഗ് ബില്ലും പലര്‍ക്കും താങ്ങാനാവാത്തതാണ്. ജിദ്ദയില്‍ അടുത്തിടെ വിവാഹിതനായ ബാസില്‍ അല്‍ബാനി മാറ്റത്തിന്റെ കാര്യത്തില്‍ മാതൃക സൃഷ്ടിച്ചു. വീട്ടിലായിരുന്നു ചടങ്ങുകള്‍. 26കാരനായ അദ്ദേഹം ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ രണ്ട് ഡസന്‍ പേരെയാണ് ചടങ്ങിന് ക്ഷണിച്ചത്. ജിദ്ദയിലെ തറവാട്ടിലെത്തിയ അതിഥികള്‍ക്ക് അറബികളുടെ പരമ്പരാഗത ഭക്ഷണമായ കബ്‌സ വിളമ്പി. ഒറ്റ രാവില്‍ ദശലക്ഷങ്ങള്‍ പൊട്ടിക്കുന്ന ഏര്‍പ്പാടില്‍ നിന്ന് തികച്ചും വിഭിന്നമാണിതെന്ന് മണവളാന്റെ അനുജന്‍ മാന്‍ അല്‍ബാനി പറഞ്ഞു. വീട്ടിലെ ലളിതമായ ചടങ്ങ് രസകരവുമായിരുന്നു. സൗദി അറേബ്യയില്‍ പ്രതിവര്‍ഷം വിവാഹ ആഘോഷങ്ങള്‍ക്കായി രണ്ട് ബില്യന്‍ റിയാല്‍ ചെലവിടുന്നുണ്ടെന്നാണ് കണക്ക്. അറബ് ലോകത്തെ ഏറ്റവും കൂടിയ തുകയാണിത്. വിവാഹ ചെലവില്‍ 25 ശതമാനത്തിന്റെ കുറവ് പിന്നിട്ട വര്‍ഷത്തിലുണ്ടായെന്നത് മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നു.