വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്ന വാശിയില്‍ തുടരുന്നതിനിടെ അമേരിക്കയിലെ ഭരണ പ്രതിസന്ധി ഇരുപത്തിരണ്ടാം ദിനത്തിലേക്ക് കടന്നു. രാജ്യത്ത് ആദ്യമായാണ് ഇത്ര ദീര്‍ഘമായ പ്രതിസന്ധി ഉണ്ടാവുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1995-1996 ല്‍ ഉണ്ടായ പ്രതിസന്ധി 21 ദിവസം നീണ്ടു നിന്നിരുന്നു. പ്രതിസന്ധി രാജ്യത്തെ എട്ട് ലക്ഷം തൊഴിലാളികളെ ബാധിച്ചുവെന്നും ഗവണ്‍മെന്റ് ജോലിക്കാര്‍ ശമ്പളമില്ലാതെ വലയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുളള പണം അനുവദിക്കാനുളള ബില്‍ അമേരിക്കന്‍ ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്.
പ്രതിസന്ധിയെത്തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം താളം തെറ്റിയിരിക്കുകയാണ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഏജന്റുമാര്‍ക്ക് അടക്കം ശമ്പളം ലഭിച്ചിട്ടില്ല.
അതിനിടെ, പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ട്. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചാല്‍ പ്രസിഡന്റിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കി വയ്ക്കാം. 570 കോടി യുഎസ് ഡോളറാണ് (40,000 കോടി രൂപയിലേറെ) മതില്‍ നിര്‍മാണത്തിന് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുകയാണ് മതിലിന്റെ ലക്ഷ്യം എന്ന് റിപ്പബ്‌ളിക്കന്‍മാര്‍ പറയുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാല്‍, മതില്‍ നിര്‍മാണത്തെ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ നിരന്തരം എതിര്‍ത്തു വരികയാണ്. നൂറ് അംഗ സഭയായ സെനറ്റില്‍ ഭരണകക്ഷിയായ റിപ്പബ്‌ളിക്കന്‍മാര്‍ക്ക് അമ്പത്തി ഒന്ന് അംഗങ്ങള്‍ ആണുളളത്. ബില്‍ പാസ്സാവണമെങ്കില്‍ അറുപത് അംഗങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ബില്‍ നേരത്തെ ജനപ്രതിനിധി സഭയില്‍ പാസ്സായിരുന്നു.
പ്രതിസന്ധി ഉണ്ടായാല്‍ അതിന് കാരണക്കാര്‍ ഡെമോക്രാറ്റുകള്‍ ആയിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഡെമോക്രാറ്റുകള്‍ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഭരണപ്രതിസന്ധി ഉണ്ടാവുമെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കേണ്ടി വരുമെന്നും ട്രംപ് ട്വീറ്റ് ട്വീറ്റ് ചെയ്തിരുന്നു.