ന്യൂഡല്‍ഹി: 2016ല്‍ നോട്ട് നിരോധനത്തിന്റെ സമയത്തു പുതിയ നോട്ട് നല്‍കാമെന്ന് പറഞ്ഞു വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്ത ഗായികയെ പോലീസ് പിടികൂടി. പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കാം എന്ന് പറഞ്ഞായിരുന്നു ഹരിയാനയിലെ സ്‌റ്റേജ് ഗായികയായ ശിഖ രാഘവും സുഹൃത്ത് പവനും ചേര്‍ന്ന് 60 ലക്ഷം തട്ടിയെടുത്തത്.
രണ്ട് വര്‍ഷമായി മുങ്ങി നടന്ന ശിഖയെ കുറ്റവാളിയായി സിറ്റി കോടതി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ച ഹരിയാന പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു, ബുധനാഴ്ചയാണ് പ്രതി പിടിയിലാകുന്നത്. ഹരിയാനയില്‍ പിടിയിലായ ഇവരെ ഡല്‍ഹിയില്‍ എത്തിച്ചു.
2016ല്‍ ഒരു പരിപാടിയിലാണ് ശിഖയും തട്ടിപ്പിനിരയായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പരിചയത്തിലാകുന്നത്. ഇതിനിടെയാണ് നോട്ട് നിരോധാനം ഉണ്ടായത്. തുടര്‍ന്ന് ശിഖയും സുഹൃത്ത് പവനും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പഴയ നോട്ട് മാറി പുതിയത് നല്‍കാമെന്ന് അറിയിച്ചു. ഇയാളും കുടുംബവും ഇവരുടെ വാക്കുകള്‍ വിശ്വസിച്ചു. മാത്രമല്ല 60 ലക്ഷം പഴയ നോട്ടുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുമായി ശിഖയും പവനും മുങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ക്കെതിരെ ഉദ്യോഗസ്ഥനും കുടുംബവും പരാതി നല്‍കിയിരുന്നു. പവന്‍ നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു.